കണ്ണൂര്‍: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ചിത്രം തെളിഞ്ഞതോടെ കണ്ണൂര്‍ ജില്ലയില്‍ കോര്‍പ്പറേഷനിലടക്കം വിവിധ ഭാഗങ്ങളില്‍ വിമതഭീഷണിയില്‍ ആടിയുലഞ്ഞ് യുഡിഎഫ്. ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും നഗരസഭകളിലും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലുമെല്ലാം നിരവധി വിമത സ്ഥാനാര്‍ത്ഥികളാണ് പത്രിക പിന്‍വലിക്കാനുളള സമയത്തിന് ശേഷവും മത്സര രംഗത്തുളളത്. ഒട്ടുമിക്ക വിമത സ്ഥാനാര്‍ത്ഥികളും ഔദ്യോഗിക യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തിയാണ് രംഗത്തുള്ളത്.
കെപിസിസി നിര്‍ദേശിച്ച സ്ഥാനാര്‍ഥികളെ കണ്ണൂരിലെ ഡിസിസി നേതൃത്വം വെട്ടിയത് സംബന്ധിച്ചും ജില്ലയിലെ യുഡിഎഫില്‍ പ്രതിസന്ധി ഉയര്‍ന്നിരിക്കുകയാണ്. കെപിസിസിക്ക് മുന്നേ ഡിസിസി നിശ്ചയിച്ച സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ടി ചിഹ്നവും നല്കി. ഇതോടെ കെപിസിസി സ്ഥാനാര്‍ഥികള്‍ വിമതരായി മാറിയിരിക്കുകയാണ്.
സ്വതന്ത്രവേഷത്തിലാണ് കെപിസിസി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്. ഏതാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന് തിരിച്ചറിയാതെ അണികള്‍ അങ്കലാപ്പിലായിരിക്കുകയുമാണ്. ഇരിക്കൂര്‍ ബ്ലോക്കിലെ നുച്യാട് ഡിവിഷന്, തലശേരി നഗരസഭയിലെ തിരുവങ്ങാട്, പയ്യാവൂര്‍ പഞ്ചായത്തിലെ കണ്ടകശേരി എന്നിവിടങ്ങളില്‍ ഡിസിസിക്കും കെപിസിസിക്കും വെവ്വേറെ സ്ഥാനാര്‍ഥികളാണ് വോട്ടുതേടുന്നത്.
ഡിസിസി നേതൃത്വം കെപിസിസിയേക്കാള് വലിയ അധികാര കേന്ദ്രമായത് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ശക്തമായ ചേരിതിരിവിന് കാരണമായിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് ചെമ്പിലോട് ഡിവിഷനില്‍ യുഡിഎഫിലെ മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്കെതിരെ ലീഗ് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമത സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 5 ഡിവിഷനിലാണ് യുഡിഎഫ് വിമതര്‍ ശക്തമായി രംഗത്തുള്ളത്.
കാനത്തൂര്‍, തായത്തെരു, തെക്കീബസാര്‍, ആലിങ്കീല്‍, ചാലാട് എന്നിവിടങ്ങളിലാണ് വിമത സ്ഥാനാര്‍ത്ഥികള്‍ യുഡിഎഫിന് ഭീഷണിയായിരിക്കുന്നത്. ആലിങ്കീല്‍ ഡിവിഷനില്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷിനെതിരെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റും എംപിയുമായ കെ. സുധാകരന്റെ മരുമകന് തന്നെ വിമതനായി വന്നിരിക്കുകയാണ്. വളപട്ടണം പഞ്ചായത്തിലാണെങ്കില്‍ കോണ്‍ഗ്രസും ലീഗും നേരിട്ടേറ്റുമുട്ടുകയാണ്.
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ നുച്യാട് ഡിവിഷന്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കോളയാട് ഡിവിഷന്, തളിപ്പറമ്പ് നഗരസഭയിലെ പാളയാട് വാര്‍ഡ്, പൂക്കോത്ത്തെരു, നേതാജി എന്നീ വാര്‍ഡുകളിലും ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതരുണ്ട്. പയ്യന്നൂര്‍ നഗരസഭയിലും ചെറുപുഴ, നടുവില്‍, കീഴല്ലൂര്‍, കണിച്ചാര്‍, പേരാവൂര്‍ തുടങ്ങി നിരവധി പഞ്ചായത്തുകളിലും വിമതര്‍ പിന്മാറാതെ മത്സരരംഗത്ത് സജീവമായതോടെ യുഡിഎഫ് നേതൃത്വം കണ്ണൂരിലെ യുഡിഎഫ് നേതൃത്വവും അണികളും ഒരുപോലെ ആശയക്കുഴപ്പത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: