ലക്‌നൗ: ഉത്തര്‍പ്രദേശിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും കോര്‍പറേഷനുകളിലും ആറുമാസത്തേക്ക് സമരങ്ങള്‍ തടഞ്ഞ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. എസന്‍ഷ്യല്‍ സര്‍വീസ് മെയിന്റനന്‍സ് ആക്ട്(എസ്മ) ഉപയോഗിച്ചാണ് 2021 മെയ് വരെ സമരങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഗവര്‍ണറുടെ അനുമതിയോടെയാണ് നടപടി.
ഇന്നത്തെ ദേശീയ പണിമുടക്കിന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ചില സംഘടനകള്‍ നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ പുതിയ നീക്കത്തോടെ, എസ്മ ലംഘിച്ച് സമരത്തിന് ആഹ്വാനം ചെയ്യുന്നത് നിയമവിരുദ്ധമാകും. ലംഘിച്ചാല്‍ ഒരുവര്‍ഷം തടവോ, ആയിരം രൂപ പിഴയോ രണ്ടുംകൂടിയോ ലഭിക്കാം. ഈ വര്‍ഷം മെയ് 22നും യുപി സര്‍ക്കാര്‍ എസ്മ പ്രാബല്യത്തിലാക്കിയിരുന്നു.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനമായ ലക്‌നൗവില്‍ ഡിസംബര്‍ ഒന്നുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുന്‍കരുതലുകള്‍ എടുത്തിട്ടും രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു. ജില്ലാഭരണകൂടത്തെ മുന്‍കൂട്ടി അറിയിക്കാതെ ഒരു പരിപാടിക്കും അനുമതി ലഭിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: