തിരുവനന്തപുരം: വിവാദമായ സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ തിരുവനന്തപുരത്ത് താമസിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്റെ മകന്റെ ബിനാമിയുടെ വീട്ടിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ബിനീഷ് കോടിയേരിയുടെ ബിനാമി ബിസിനസ് പങ്കാളിയുടെ വീട്ടില്‍ സരിത താമസിച്ചത്. ‘മനോരമ’യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാര്‍ പാലസ് ഉടമ അബ്ദുല്‍ ലത്തീഫിന്റെ മുട്ടടയിലുള്ള വീട്ടിലായിരുന്നു സരിത താമസിച്ചിരുന്നതെന്നാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ അന്വേഷണത്തില്‍ അബ്ദുല്‍ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. നെടുമങ്ങാട്ടുള്ള വ്യക്തിയില്‍ നിന്ന് ലത്തീഫ് വാങ്ങിയതാണ് ഈ വീട്.
അതേസമയം, ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണ പുരോഗതി വിലയിരുത്തിയ കോടതി ഈ ഘട്ടത്തില്‍ കേസ് റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കി.
അറസ്റ്റു ചെയ്തത് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്ന ഹര്‍ജിയിലെ വാദവും കോടതി തള്ളി. ബിനീഷിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന ഇഡിയുടെ വാദം കോടതി അംഗീകരിച്ചു. ലഹരി മരുന്നു കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍, ബിനാമികള്‍ക്കൊപ്പമിരുത്തി ബിനീഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ ബോധിപ്പിച്ചു. കേസില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ്. ബിനീഷിന്റെ തിരുവനന്തപുരത്തെ കോടിയേരി വീടടക്കമുള്ള സ്വത്തും ഭാര്യയുടെ സ്വത്തും കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് രജിസ്ട്രേഷന് ഐജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: