പത്തനംതിട്ട: ശബരിമലയില്‍ ഒരു ജീവനക്കാരന് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. സന്നിധാനത്തെ മരാമത്ത് വിഭാഗം ഓവര്‍സിയര്‍ക്കാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പമ്പയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡില്‍ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പിപിഇ കിറ്റ് നല്കാന് അധികൃതര്‍ നിര്‍ദ്ദേശം നല്കി. രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമല ദര്‍ശനത്തിനായി എത്തുന്ന തീര്‍ത്ഥാടകര്‍ മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവരുമായി ഇടകലരുത്. സാമൂഹിക അകലം, മാസ്ക് ഉള്‍പ്പടെയുള്ളവ നിര്‍ബന്ധമായും പാലിക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കൂടാതെ കൊറോണ മാറിയ ശേഷം വരുന്നവര്‍ ലക്ഷണങ്ങള്‍ പൂര്‍ണമായും മാറി ആരോഗ്യം വീണ്ടെടുത്ത ശേഷമേ വരാവൂ.
നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് നിലവില്‍ പ്രവേശനം. നിലയ്ക്കലില്‍ നടന്ന ടെസ്റ്റുകളുടെ ഫലം പരിശോധിക്കുമ്പോള്‍ ആയിരത്തില്‍ അഞ്ച് പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇത് ശബരിമല തീര്‍ത്ഥാടനം സുരക്ഷിതമായി നടത്താമെന്ന ആത്മവിശ്വാസം നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: