തൊടുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ വെച്ചുതന്നെ ചോദ്യം ചെയ്യാം. ജാമ്യമില്ലെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍ ചികിത്സ തടസ്സപ്പെടുത്തുന്ന വിധത്തില്‍ നടപടി സ്വീകരിക്കരുതെന്നും വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഴ് നിബന്ധനകളിന്മേലാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ കോടതി അനുമയതി നല്‍കിയിരിക്കുന്നത്. നവംബര്‍ 30നാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ അനുമതി. രാവിലെ 9 മണി മുതല്‍ 12 മണി വരെയും ഉച്ചയ്ക്ക് 3 മണി മുതല്‍ 5 മണി വരെയും മാത്രമേ ചോദ്യം ചെയ്യാന്‍ അനുമതിയുണ്ടാകൂ. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊറോണ പരിശോധന നടത്തണം.
ഇത് കൂടാതെ ചോദ്യം ചെയ്യല്‍ സംഘത്തില്‍ മൂന്ന് പേര് മാത്രമേ പാടുള്ളൂ. ഒരു മണിക്കൂര്‍ ചോദ്യം ചെയ്താല്‍ 15 മിനിറ്റ് വിശ്രമം അനുവദിക്കണം. ചോദ്യം ചെയ്യലിനിടയില്‍ ചികിത്സ തടസ്സപ്പെടുത്തരുത്. ചോദ്യം ചെയ്യലിനിടയില്‍ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്ന വിധത്തില്‍ യാതൊന്നും പാടില്ലെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവിന്റെ പകര്‍പ്പ് ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും നല്‍കണം എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അര്‍ബുദ രോഗത്തെ തുടര്‍ന്ന് കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായെങ്കിലും ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ തന്നെ തുടരുകയാണ്. സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡ് അദ്ദേഹത്തിന് ചികിത്സ തുടരണമെന്ന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: