കണ്ണൂർ : കൊറോണാ വ്യാപനം തുടങ്ങിയ ആദ്യ ഘട്ടത്തതിൽ പരോൾ അനുവദിക്കുകയും ഇലക്ഷന്റെ പേരിൽ ജയിലിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്ത തടവുകാരോട് ജയിലധികൃതർ കടുത്ത മനുഷ്യാവകാശ ലംഘനം കാണിക്കുന്നതായി തടവുകാർ.
കൊറോണ വ്യാപനം ഇന്ത്യയിൽ ആരംഭിച്ചതോടെ കഴിഞ്ഞ ഏപ്രിൽ 12 നാണ് തടവുകാർക്ക് പരോൾ അനുവദിച്ചത്. അന്ന് വളരെ ചെറിയൊരു ശതമാനം ജനങ്ങൾക്ക് മാത്രമേ കോവിഡ് ബാധ ഉണ്ടായിരുന്നുള്ളു. പോസിറ്റിവ് നിരക്കിൽ ഏറ്റവും പിന്നിലായിരുന്നു അന്ന് കേരളം. എന്നാൽ പോസിറ്റിവ് നിരക്ക് ഏറ്റവും ഉയർന്നു നിൽക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പിന്റെ പേരിൽ ഈ മാസം 3 ന് പരോൾ റദ്ദാക്കിക്കൊണ്ട് തടവുകാരെ ജയിലിലേക്ക് തിരിച്ചു പ്രവേശിപ്പിച്ചത്.
സെൻട്രൽ ജയിലിൽ നിന്നും ഇവരെ അന്ന് തന്നെ തലശ്ശേരി സബ് ജയിലിൽ കോറന്റൈനിലേക്ക് മാറ്റി. ആസമയത്തു അവിടെ ഉണ്ടായിരുന്ന റിമാൻഡ് തടവുകാരെ മാറ്റി അവിടേക്കു ഇവരെ പ്രവേശിപ്പിക്കുകയായിരുന്നു. അണുനശീകരണമോ യാതൊരു വിധ ശുചീകരണപ്രവർത്തിയോ ഈ സമയത്തു നടത്തിയിരുന്നില്ല . അവിടെ അതുവരെ ഉണ്ടായിരുന്നവർ ഉപയോഗിച്ച പഴയ പായയും പാത്രങ്ങളും അഴുക്കുപിടിച്ച മുഷിഞ്ഞ തുണികളും മാത്രമാണ് ഉണ്ടായിരുന്നത്.
പത്ത് പന്ത്രണ്ട് അടി മാത്രം വിസ്തീർണ്ണമുള്ള മുറിയിൽ 7 പേരെയാണ് പ്രവേശിപ്പിച്ചത്. വാതിലില്ലാത്ത ദുർഗന്ധം വമിക്കുന്ന ഒരു കക്കൂസും മാത്രമാണ് മുറിക്കുള്ളിൽ ഉണ്ടായിരുന്നത്. ഇതിൽ വെള്ളമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. 34 പേരാണ് ഒരു സൗകര്യവുമില്ലാത്ത സബ് ജയിലിൽ മൃഗങ്ങളെ പോലെ കഴിയേണ്ടി വന്നത്. തൊട്ടുരുമ്മി കഴിയേണ്ടി വന്നിരുന്നതിനാൽ 24 മണിക്കൂറും മാസ്ക് ഉപയോഗിക്കേണ്ടിയും വന്നു. മൂന്നാം തീയതി പ്രവേശിപ്പിച്ച തടവുകാർക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നത് 10 നാണ് . അപ്പോഴേക്കും 34 പേരിൽ 22 പേർക്ക് കൊറോണാ ബാധ ഉണ്ടായിക്കഴിഞ്ഞിരുന്നു. രണ്ട് ജയിൽ ഉദ്യോഗസ്ഥർക്കും രോഗ ബാധ ഉണ്ടായി.
കോവിഡ് ബാധ ഉണ്ടായതിനു ശേഷമാണ് വീട്ടുകാരെ അധികൃതർ വിവരം അറിയിക്കുന്നത്. ഇവർ എത്തിച്ചുതന്ന സോപ്പും സാനിറ്റയ്‌സറുമാണ് രോഗ പ്രതിരോധത്തിനായി ഉപയോഗിക്കാൻ അകെ ഉണ്ടായിരുന്നത്. പതിനേഴാം തീയതി രണ്ടാമത് ടെസ്റ്റ് നടത്തുമ്പോഴേക്കും ബാക്കിയുള്ള 8 പേർക്കും രോഗ ബാധ ഉണ്ടായിക്കഴിഞ്ഞരുന്നു. ഇതിനിടയിൽ ഭക്ഷണം പാകം ചെയ്തുതന്ന കിച്ചണിൽ ഉണ്ടായിരുന്ന ആൾക്കും കോവിഡ് ബാധിച്ചതായി അറിയാൻ കഴിഞ്ഞു. രോഗം വന്ന എല്ലാവരെയും അഞ്ചരക്കണ്ടി മെഡിക്കൽ കൊളേജിലേക്കാണ് മാറ്റിയത്.
ജയിലിൽ യാതൊരു സുരക്ഷാ ക്രമീകരണങ്ങളോ ആവശ്യമായ സൗകര്യങ്ങളോ ഒരുക്കാതെ വെറും മൃഗങ്ങളെ പോലെയാണ് അധികൃതർ പാർപ്പിച്ചത്. ഒരാളിൽ നിന്നും വെറും ആറിഞ്ച് മാത്രം അകലം പാലിച്ചു കിടക്കേണ്ടി വന്നിരുന്നതിനാൽ ഉറങ്ങുമ്പോൾ പോലും മാസ്ക് ധരിക്കേണ്ടിവന്നു . രോഗാവസ്ഥയിൽ ആയിട്ടും ഭക്ഷണ ക്രമത്തിൽ യാതൊരു മാറ്റവും വരുത്താൻ തയ്യാറായില്ല. ആശുപത്രിയിൽ നിന്നും തിരികെ ജയിലിലേക്ക് മാറ്റിയാൽ തങ്ങളുടെ ആരോഗ്യവും ജീവനും തന്നെ അപകടത്തിലാവാൻ സാദ്ധ്യതയുണ്ടെന്ന ആശങ്കയിലാണ് തടവുകാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: