തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്. കോവിഡാനന്തര പരിശോധനകള്‍ക്കെന്ന് വിശദീകരണം. ശ്വാസതടസം അടക്കമുള്ള അസ്വസ്ഥതകൾ സി എം രവീന്ദ്രനുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഇന്ന് നോട്ടിസ് നല്‍കിയിരുന്നു.
പിന്നാലെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുന്നത്. നേരത്തേയും ചോദ്യം ചെയ്യലിന് ഹാജരാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും കോവിഡ് സ്ഥിരീകരിച്ചതായി രവീന്ദ്രന് രേഖാമൂലം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രോഗമുക്തനായി ആശുപത്രി വിട്ട സാഹചര്യത്തിലാണ് ഇഡി വീണ്ടും നോട്ടിസ് നല്‍കിയത്. കള്ളക്കടത്തിനെ കുറിച്ച് ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ അദ്ദേഹത്തിന്റെ സംഘത്തിനും അറിയാമായിരുന്നുവെന്ന് ഇഡി നേരത്തേ കോടതിയെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ കേസില്‍ നിര്‍ണായകമാകും. മുഖ്യമന്ത്രിയുടെ വിശ്വാസ്തരില് ഒരാളായിരുന്ന ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ, മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഒരാളെകൂടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് സിപിഎമ്മിന് രാഷ്ട്രീയമായി വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: