ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് അര്‍ധരാത്രിയോ, നാളെ പുലര്‍ച്ചെയോ കരതൊടും. നിലവില്‍ കടലൂരിന് 290 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറും. മണിക്കൂറില്‍ 145 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. ചെന്നൈ ഉള്‍പ്പെടെ ഏഴു ജില്ലകളില്‍ ശക്തമായ കാറ്റ് വീശും. ചെന്നൈയില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതിനിടെ മത്സ്യബന്ധനത്തിന് പോയ ഒമ്പതു ബോട്ടുകള്‍ കാണാതായി.
ബോട്ടുകള്‍ കണ്ടെത്താന്‍ തീരസംരക്ഷണ സേന തിരച്ചില്‍ ആരംഭിച്ചു. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാത്രി എട്ടിനും നാളെ രാവിലെ ആറു മണിക്കും ഇടയില്‍ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ നിവാര്‍ കരതൊടുമെന്നാണ് പ്രവചനം. ചെന്നൈയിലും കാഞ്ചീപുരത്തും കനത്ത മഴ തുടരുകയാണ്. തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
77 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. തീരദേശത്തും നദികളുടെ സമീപത്തും താമസിക്കുന്നവരെ ഇവിടേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാംപുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തമിഴ്നാട്ടിലെ ഏഴു ജില്ലകളെ കൂടാതെ പുതുച്ചേരിയെയും ആന്ധ്രപ്രദേശിലെ രണ്ടു ജില്ലകളെയും ചുഴലിക്കാറ്റ് ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: