ചിറ്റാര്‍: ആങ്ങമൂഴി ക്വാറന്റൈന് സെന്ററില്‍ ആരോഗ്യ പ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന സിപിഎം നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവതി. സംഭവം പുറത്തു പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ അനുഭവിക്കുമെന്ന് പ്രതിയും പ്രതിയുടെ ഭാര്യയും ഭീഷണിപ്പെടുത്തിയതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റിഅംഗവും ഡിവൈഎഫ്ഐ നേതാവുമായ മനു മംഗലശേരില്‍ എന്ന പ്രദീപ് ആണ് കേസിലെ പ്രതി.
സീതത്തോട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ കുടുംബവുമായി പ്രദീപ് ബന്ധം സ്ഥാപിക്കുകയായിരുന്നു. കുടുംബത്തിലെ സ്ഥിരം സന്ദര്‍ശകനാകുകയും പാര്‍ട്ടിയംഗമായ പിതാവുമായി ഉറ്റ ബന്ധം സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ ക്വാറന്റൈന് സെന്ററിലെ താത്കാലിക ജീവനക്കാരിയായി ക്ഷണിച്ചു. ആരോഗ്യ വകുപ്പിലെ താത്കാലിക ഡ്രൈവറായ ഇയാളാണ് കൊവിഡ് സെന്റര്‍ നിയന്ത്രിച്ചിരുന്നത്.
ഇവിടെ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഭീഷണിയെ തുടര്‍ന്ന് യുവതി ആദ്യം പീഡനം മറച്ചു വയ്ക്കുകയായിരുന്നു. ഇതിനിടെ കൊവിഡ് സെന്ററില്‍ പോസിറ്റീവ് രോഗിയെ അഡ്മിറ്റ് ചെയ്തതോടെ ഇരുവരും ക്വാറന്റൈന് ചെയ്യപ്പെട്ടു. ഈ സമയത്താണ് നിരന്തരമായ പീഡനം ഉണ്ടായത്. പിന്നീട് വീട്ടില്‍ അതിക്രമിച്ചു കടന്നു യുവതിയുടെ ഫോണ്‍ ബലമായി വാങ്ങി കൊണ്ട് പോയി തെളിവുകള്‍ നശിപ്പിച്ചു.
പോലീസില്‍ പരാതിപ്പെടാന്‍ പോയപ്പോള്‍ പാര്‍ട്ടി ഘടകത്തില്‍ പറഞ്ഞു പരിഹരിക്കാനുള്ള ശ്രമം നടത്തി. പിന്നീട് കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത പോലീസ് ഫോണില്‍ നിന്ന് തെളിവുകള്‍ വീണ്ടെടുത്തു. ഇരയായ പെണ്‍കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. കേസൊതുക്കി തീര്‍ക്കാന്‍ സിപിഎമ്മിലെ ഒരു ഉന്നതന് ശ്രമിക്കുന്നതായി ആരോപണവും ശക്തമാണ്. മുന്‍കൂര്‍ ജാമ്യം പോലും ലഭിക്കാന്‍ സാധ്യതയില്ലാത്ത കേസില്‍ തല്ക്കാലം പോലീസിന് പിടി കൊടുക്കേണ്ടന്നാണ് രാഷ്ട്രീയ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: