തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്റെ ഗവേഷണ പ്രബന്ധത്തിലെ അക്ഷരത്തെറ്റ് പരിശോധിക്കാനുള്ള ഗവർണറുടെ നിർദ്ദേശം അട്ടിമറിച്ച് കേരള സർവ്വകലാശാല വൈസ് ചാൻസിലർ. പരിശോധിച്ചത് ഗവേഷണം ബിദുദത്തിലം ചട്ടലംഘനം മാത്രം.
ബിരുദം ചട്ടപ്രകാരമാണ് നൽകിയിട്ടുള്ളതെന്ന വിശദീകരണം വിസി നൽകിയിരിക്കുന്നത്. മന്ത്രിയുടെ പ്രബന്ധത്തിൽ മുഴുവനും അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമാണെന്നും പ്രബന്ധ വിഷയത്തിൽ ഗവേഷകന്റെ മൗലിക സംഭാവനകൾ ഒന്നുമില്ലെന്നുമായിരുന്നു സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മറ്റി ഗവർണർക്ക് നൽകിയ പരാതി. പരാതി കേരളാ വിസി യുടെ പരിശോധനക്ക് ഗവർണർ കൈമാറിയിരുന്നു. അതിലാണ് ഗവേഷണത്തിലെ അക്ഷരതെറ്റുകളോ വ്യാകരണങ്ങളോ നോക്കാതെ ചട്ടലംഘനം പരിശോധിച്ച് റിപ്പോർട്ട് നൽകിയത്. ബിരുദം ചട്ടപ്രകാരമല്ല നൽകിയതെന്ന ആക്ഷേപം പരാതിയിൽ ഉന്നയിച്ചിരുന്നുമില്ല.
പരാതി വിശദമായി പരിശോധിച്ച് നടപടിയെടുക്കാൻ ഗവർണർ കേരള വിസിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ പരാതിയിൽ ഉന്നയിച്ചിരുന്ന ആക്ഷേപങ്ങൾ അന്വേഷിക്കുവാൻ വിസി തയ്യാറായില്ലെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മറ്റി ആരോപിക്കുന്നു. മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ലിയാരുടെയും പങ്കിനെ അധികരിച്ചു് തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് ജലീൽ കേരളസർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ബിരുദം 2006 ൽ സ്വന്തമാക്കിയത്.
ഗവേഷണ പ്രബന്ധങ്ങളിൽ തെറ്റുകളും കുറവുകളും ഉണ്ടാവുക സ്വാഭാവികമാണെന്ന വിചിത്രമായ വാദം പരാതി പുറത്തുവന്നപ്പോൾ മന്ത്രി തന്നെ ഉന്നയിച്ചിരുന്നു. പ്രബന്ധത്തിൽ തെറ്റുകളുണ്ടെങ്കിൽ അവ പൂർണമായും തിരുത്തിയതിന് ശേഷം മാത്രമേ സർവ്വകലാശാല ഡിഗ്രി നൽകുവാൻ പാടുള്ളൂ. ഈ പ്രബന്ധങ്ങൾ പിൽക്കാലത്ത് ഗവേഷണവിദ്യാർത്ഥികൾ റഫറൻസിന് ഉപയോഗിക്കുമ്പോൾ പ്രസ്തുത തെറ്റുകൾ ആവർത്തിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാണ് സർവ്വകലാശാല ഈ നിബന്ധന വച്ചിട്ടുള്ളത്. എന്നാൽ ജലീലിന്റെ പ്രബന്ധത്തിൽ ഇത് പാലിച്ചിട്ടില്ലെന്ന് മാത്രമല്ല പരാതി പരിശോധിക്കാനോ പ്രബന്ധത്തിലെ തെറ്റുകൾ നീക്കം ചെയ്യിക്കാനോ സർവകലാശാല തയ്യാറായിട്ടില്ല.
യുജിസി നിർദ്ദേശപ്രകാരം പ്രബന്ധങ്ങൾ സർവകലാശാലയുടെ വെബ് സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. മന്ത്രിയുടെ പ്രബന്ധം നാളിതുവരെ അപ്ലോഡ് ചെയ്തിട്ടില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രബന്ധം പരിശോധിക്കുവാൻ അദ്ദേഹം തന്നെ പ്രോ ചാൻസിലറായ സർവകലാശാലയുടെ വൈസ് ചാൻസിലറെ ചുമതലപ്പെടുത്തിയ ഗവർണറുടെ നടപടി യുക്തിസഹമല്ലെന്നും അതുകൊണ്ട് പ്രബന്ധം പരിശോധിക്കാൻ നിഷ്പക്ഷമായ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും കമ്മിറ്റി ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: