തിരുവനന്തപുരം: പോലീസ് നിയമത്തില്‍ ഭേദഗതി വരുത്തി മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍, നാണം കെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും തീരുമാനം. ചരിത്രത്തിലാദ്യമാണ് ഗസറ്റില്‍ വിജ്ഞാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് ഒരു നിയമം പിന്‍വലിക്കുന്നത്. നിയമ ഭേദഗതി റദ്ദാക്കിയുള്ള റിപ്പീലീങ് ഉത്തരവ് ഉടനെ പുറത്തിറങ്ങും.
ഓര്‍ഡിനന്‍സ് തള്ളാനുള്ള ആവശ്യവുമായി എത്തുമ്പോള്‍ ഗവര്‍ണര്‍ വിശദീകരണം തേടുമെന്നുറപ്പാണ്. മാധ്യമങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പോലീസ് ആക്ട് ഭേദഗതിയോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് യോജിപ്പുണ്ടായിരുന്നില്ലെന്നാണ് സൂചന. ഒരു മാസം പിടിച്ചുവച്ച ശേഷമാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത്. രണ്ടു ദിവസത്തിനകം ഓര്‍ഡിനന്‍സ് പിന്‍വലിച്ചത് എന്തിനാണെന്ന് ഗവര്‍ണര്‍ക്ക് ഇനി സര്‍ക്കാരിനോട് വിശദീകരണം തേടാം. ഇത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.
ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ മൂന്നു വഴികളാണ് ഉണ്ടായിരുന്നത്. ഒന്നാമത്തേത്, അനുച്ഛേദം 203 രണ്ട് പ്രകാരം നിയമസഭ തുടങ്ങുന്നത് മുതല്‍ ആറാഴ്ച വരെ ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സിന് നിയമ പ്രാബല്യമുണ്ട്. ആറാഴ്ചകള്‍ക്കുള്ളില്‍ ബില്‍ കൊണ്ടുവന്ന് നിയമമാക്കിയില്ലെങ്കില് ഓര്‍ഡിനന്‍സ് റദ്ദാകും. രണ്ടാമത്തേത് ഓര്‍ഡിനന്‍സ് അംഗീകരിക്കേണ്ടതില്ലെന്ന് പ്രമേയം അവതരിപ്പിച്ച് നിയമസഭയില്‍ പാസാക്കാം. ഫെബ്രുവരിയിലേ ഇനി നിയമസഭ ഉള്ളു. മൂന്നാമത്തേത്, മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് പിന്‍വലിച്ച് ഉത്തരവിറക്കാം. ഇതാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്.
ഓര്‍ഡിനന്‍സ് നടപ്പാക്കാന്‍ ഉദ്ദേശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പാണെന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം തന്നെ ഉന്നയിച്ചിരുന്നു. ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യാനുള്ള തീരുമാനം വൈകുംതോറും സര്‍ക്കാരും സിപിഎമ്മും രാഷ്ട്രീയമായി ഏറെ സമ്മര്‍ദ്ദത്തിലുമായി. സിപിഎമ്മിലും നിയമത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. അടിയന്തരമായി നിയമം പിന്‍വലിക്കാന്‍ സീതാറം യെച്ചൂരിയും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് ഇന്നലെ തന്നെ മന്ത്രിസഭാ യോഗം കൂടി തീരുമാനമെടുത്തത്.
പോലീസ് നിയമ ഭേദഗതി നടപ്പാക്കും മുന്‍പ് പോലീസ് ആസ്ഥാനത്തെ ലീഗല്‍ സെല്ലില്‍നിന്ന് നിയമോപദേശം തേടണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഇന്നലെ രാവിലെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. 118 എ വകുപ്പനുസരിച്ച് കേസെടുക്കാന്‍ പരാതികള്‍ ലഭിക്കാനിടയുള്ളതിനാലായിരുന്നു സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്ക് ഡിജിപി സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: