പേട്ട: സിപിഎമ്മിന്റേയും യുഡിഎഫിന്റേയും അക്രമപരമ്പരയ്ക്കിടയില് പാല്‍ക്കുളങ്ങരയില്‍ ആദ്യ താമര വിരിഞ്ഞത് 1989ല്‍. ബിജെപിയെ വാര്‍ഡില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുള്ള സിപിഎമ്മിന്റെ മുറവിളികള്‍ക്കിടയില്‍ 1989 ല്‍ പി. അശോക് കുമാര്‍ താമരചിഹ്നത്തില്‍ വാര്‍ഡ് കീഴടക്കിയത് വാര്‍ഡിലെ ജനങ്ങളുടെ വിജയമെന്നുതന്നെ പറയാം. ബിജെപിക്ക് അഭിമാനകരമായ വിജയത്തിലുപരി വാര്‍ഡിലെ ജനങ്ങളുടെ പ്രതീക്ഷ തന്നെയായിരുന്നു പി. അശോക്കുമാറിന്റെ വിജയം.
ഔവര്‍ കോളേജ് അധ്യാപകനായിരുന്നപ്പോഴാണ് പാല്‍ക്കുളങ്ങരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അശോക് കുമാര്‍ മത്സരിക്കുന്നത്. അതിന് മുമ്പ് നിയമസഭയിലേക്കും ലോകസഭയിലേക്കും മത്സരിച്ചിരുന്നുവെങ്കിലും സ്വന്തം വാര്‍ഡില്‍ മത്സരിക്കുകയെന്നത് ഏറെ സന്തോഷം തന്നിരുന്നുവെന്ന് അശോക് കുമാര്‍ ഓര്‍ക്കുന്നു. താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണെന്ന് അറിഞ്ഞപ്പോള്‍ വാര്‍ഡില്‍ താമസിക്കുന്ന താന്‍ പഠിപ്പിച്ച കുട്ടികള്‍ തന്ന പിന്തുണയും വരവേല്‍പ്പുമാണ് ഒരിക്കലും മറക്കാനാകാത്ത സന്തോഷം നല്‍കിയത്. തന്റെ വിജയത്തില്‍ അവരുടെ ഒരുമയോടുകൂടിയുള്ള പ്രവര്‍ത്തനം മുഖ്യപങ്ക് വഹിച്ചുവെന്നും അശോക്കുമാര് പറഞ്ഞു. അന്ന് പ്രചാരണത്തിന് ഇന്നത്തെപ്പോലെ സോഷ്യല്‍ മീഡിയകളില്ല. ഓരോ വീട്ടുകാരേയും നേരില്‍ കണ്ടുള്ള ബന്ധവും ബൂത്ത് അടിസ്ഥാനത്തിലുള്ള പൊതുയോഗങ്ങളുമാണ് പ്രചാരണമായിരുന്നത്. വാര്‍ഡില്‍ ഭൂരിഭാഗവും താന്‍ പഠിപ്പിച്ചതും പഠിപ്പിക്കുന്നതുമായ കുട്ടികളുടെ വീടായിരുന്നു. അതുകൊണ്ടുതന്നെ വോട്ട് ചോദിച്ച് ഓരോ വീട്ടില്‍ ചെല്ലുമ്പോഴും ഒരു സ്ഥാനാര്‍ത്ഥിയെന്ന നിലയിലായിരുന്നില്ല പകരം ഒരു കുടുംബാംഗത്തെ പോലെയായിരുന്നു സ്വീകരണം.
അന്ന് തെരഞ്ഞെടുപ്പില്‍ തനിക്ക് ഏറെ വിഷമത്തിന് വഴിയൊരുക്കിയത് ബിജെപി സ്ഥാനാര്‍ത്ഥികളായ ആറ് പേര് വിജയിച്ചപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ നടന്നിരുന്ന മ്യൂസിക് കോളേജിന് മുന്നില്‍ നടത്തിയ അക്രമമായിരുന്നു. അന്നത്തെ മിക്ക ബിജെപി കൗണ്‍സിലര്‍മാരേയും മര്‍ദിച്ചു. പിന്നീട് സംഭവം അറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയതുകൊണ്ടുമാത്രമായിരുന്നു താന്‍ രക്ഷപ്പെട്ടത്. തികച്ചും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനമായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ കാണിച്ചത്. ഇന്നും അതിന് മാറ്റം വന്നിട്ടില്ല. അതുതന്നെയാണ് പിന്നീടുള്ള നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന്റെ അധഃപതനത്തിന് വഴിയൊരുക്കിയതെന്നും അശോക് കുമാര്‍ പറയുന്നു.
പാല്‍ക്കുളങ്ങരയില്‍ അശോക്കുമാര് എന്ന പേരില്‍ അപരനെ നിര്‍ത്തിയാണ് സിപിഎം അശോക് കുമാറിനെ നേരിട്ടത്. പക്ഷേ വാര്‍ഡിലെ ജനങ്ങള്‍ക്ക് അപരനെ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടെന്ന് സിപിഎമ്മിന് അറിയില്ലായിരുന്നു. 456 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് മുഖ്യ എതിരാളിയായ യുഡിഎഫിനെ ബിജെപി പരാജയപ്പെടുത്തിയത്. കൗണ്‍സിലറായിരിക്കേ ഒത്തിരി വികസനങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഓടനിര്‍മാണം, റോഡ് നിര്‍മാണം, പെന്ഷന് പദ്ധതികള്‍ തുടങ്ങി സ്വന്തമായി ഭവനമില്ലാത്ത നിര്‍ധന കുടുംബങ്ങള്‍ക്ക് നഗരസഭയില്‍ നിന്ന് ഭവനം നിര്‍മിക്കാന്‍ ഫണ്ട് അനുവദിപ്പിച്ച് നല്‍കാനും അന്ന് കഴിഞ്ഞിട്ടുണ്ടെന്ന് അശോക് കുമാര്‍ ഓര്‍ക്കുന്നു. പിന്നീട് 1995 ലും 2010 ലും 2015 ലും പാല്‍ക്കുളങ്ങരയില്‍ താമരയുടെ വിജയത്തെ മറികടക്കാന്‍ സിപിഎമ്മിനും യുഡിഎഫിനും കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: