മുഖ്യപ്രതിഷ്ഠ ഭദ്രകാളിയെങ്കിലും അത്രതന്നെ പ്രാധാന്യം ശാസ്താവിനുമുള്ള ക്ഷേത്രമാണ് ആലുവ ചൊവ്വരയ്ക്കടുത്തുള്ള അമ്പലക്കുളങ്ങര ഭഗവതി ക്ഷേത്രം. ഒരു സാധാരണ ഗ്രാമീണക്ഷേത്രം എന്നതിനപ്പുറത്തേക്ക് ക്ഷേത്ര ചൈതന്യം വര്‍ധിപ്പിക്കാന്‍ നിദാനമായത് ഒരിക്കല്‍ ഒരു മണ്ഡകാലത്തു നടത്തിയ കൂട്ട പ്രദക്ഷിണമായിരുന്നു. മണ്ഡലകാലത്ത് ദീപാരാധനക്കു ശേഷം 41 ദിവസം തുടര്‍ച്ചയായി ഗ്രാമവാസികള്‍ 7 കൂട്ടപ്രദക്ഷിണം വച്ചതോടെ ക്ഷേത്രത്തിന് പേരും പെരുമയും കൂടി.
പിന്നീടുള്ള വര്‍ഷങ്ങളില്‍ മണ്ഡലത്തിലെ ആദ്യ ശനിയാഴ്ചയും 41 നും രാവിലെ ഈ പ്രദക്ഷിണം പതിവായി. കൂട്ടപ്രാര്‍ഥനയുടെ ശക്തി വൈഭവം ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറ്റിയെന്നു പറയാം.
ശാസ്താവ്, ദുര്‍ഗ, ഭൂവനേശ്വരി എന്നീ മൂര്‍ത്തികള്‍ ഒരേ ശ്രീകോവിലിലാണ് ഇവിടെ കുടികൊള്ളുന്നത്. മണ്ഡലകാലത്തും, മലയാളമാസം ഒന്നാം തീയതിയും, താലപ്പൊലി കാലത്തും മാത്രമേ ക്ഷേത്രത്തില്‍ ദീപാരാധന പതിവുള്ളൂ. സാധാരണ ദിവസങ്ങളില്‍ രാവിലെ മാത്രമേ നട തുറക്കൂ.
ഒരു നേരം മാത്രം തുറക്കുന്ന ക്ഷേത്രത്തില്‍ സന്ധ്യക്കു ശേഷം ആരും തങ്ങരുതെന്നാണ് വിശ്വാസം. കൂട്ടപ്രദക്ഷിണം തുടങ്ങിയ വര്‍ഷത്തെ മണ്ഡലസമാപന ദിനത്തില്‍ ഒരു ഭക്തന് ദേവതകള്‍ക്കെല്ലാം ഗോളക പണിത് സമര്‍പ്പിച്ചു. അതോടെ ക്ഷേത്രചൈതന്യവും ഖ്യാതിയും വര്‍ധിക്കാന്‍ തുടങ്ങി. ക്ഷേത്രം പുതുക്കി പണിത് മനോഹരമാക്കി.
മൂന്ന് ആനകളുടെ അകമ്പടിയോടെ താലപ്പൊലി നടന്നിരുന്ന ഇവിടെ പിന്നീട് 15 ആനകളുടെ ഗാംഭീര്യത്തോടെയായി താലപ്പൊലി. തനി കുഗ്രാമത്തില്‍ ഇതെല്ലാം സാധ്യമാക്കിയത് മണ്ഡലത്തിലെ കൂട്ട പ്രദക്ഷിണത്തിന്റെ ശക്തിയായാണെന്നാണ് ഭക്തരുടെ വിശ്വാസം.
മണ്ഡലകാലത്ത് ശാസ്താം പാട്ടും നിത്യേനയുണ്ട്. വിളക്കു വച്ച് ശാസ്താവിന് അമ്പലംകൂട്ടി പാട്ടും വിളക്കും നടത്തിയിരുന്നു. ധാരാളം അയ്യപ്പന്മാര് കെട്ടുനിറച്ച് മലയാത്ര നടത്തുന്നതിനും ഈ സന്നിധാനത്തെത്തുന്നു. 41 ന് താലം വരവും കൂട്ട ശരണം വിളിയുമാണ് പ്രത്യേകത.
കൂട്ട ശരണം വിളികളുമായി മലകയറുന്നതിന്റെ മഹാശക്തി തന്നെയാണ് മഹാ സന്നിധാനമായ ശബരിമലയിലെ കാരുണ്യമൂര്ത്തിയുടെയും ഐശ്വര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: