ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ കുടിവെള്ള പദ്ധതിയായ ജല്‍ജീവന്‍ നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം കാരണം പ്രതിസന്ധിയില്‍. നിലവിലെ 24 ലക്ഷം പൈപ്പ് കണക്ഷനുകള്‍ നാലു മാസം കൊണ്ട് ഇരട്ടിയാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും, സംസ്ഥാന സര്‍ക്കാര്‍ വിഹിതം അനുവദിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പദ്ധതി നടത്തിപ്പ് ചുമതലക്കാരായ കേരള വാട്ടര്‍ അതോറിറ്റി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഉപഭോക്താക്കളുടെയും മുതല്‍ മുടക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 50% , സംസ്ഥാന സര്‍ക്കാര്‍ 25%, തദ്ദേശ സ്വയംഭരണ സ്ഥാപനം 15% ഉപഭോക്താക്കള്‍ 10% എന്നിങ്ങനെയാണ് പദ്ധതി ചെലവ് വഹിക്കേണ്ടത്. തൊണ്ണൂറ് ശതമാനം പണികളും കരാറുകാര്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍, പണികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പണം ലഭ്യമാക്കുമെന്നാണ് വാട്ടര്‍ അതോറിറ്റി ചെയര്‍മാനും മാനേജിങ് ഡയറക്ടറും അറിയിക്കുന്നത്. ഇത് കരാറുകാരെ പ്രവൃത്തികള്‍ നടപ്പാക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.
വാട്ടര്‍ അതോറിറ്റിയുടെ വിവിധ പ്രവൃത്തികള്‍ ഏറ്റെടുത്തയിനത്തില്‍ മാത്രം 2,000 കോടി രൂപയാണ് കരാറുകാര്‍ക്ക് കുടിശ്ശികയുള്ളത്. ഈ സാഹചര്യത്തില്‍ പദ്ധതിക്കു വേണ്ടി പണം മുടക്കാന്‍ കഴിയില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. പൊതുമരാമത്ത്, ജലവിഭവ വകുപ്പുകളിലെപ്പോലെ ബില്‍ ഡിസ്കൗണ്ടിങ് നടപ്പാക്കിയാല്‍ ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാം. എന്നാല്‍ അതിനുള്ള നടപടികള്‍ അനന്തമായി നീളുകയാണ്. കുടിശ്ശികയുടെ നല്ല പങ്ക് ലഭിക്കാതെ ജല്‍ജീവന്‍ പദ്ധതിയില്‍ പണം മുടക്കാന്‍ കരാറുകാര്‍ക്ക് കഴിയില്ല.
പൈപ്പുകളുടെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഒരു ഏജന്‍സിയെ മാത്രമാണ് അധികാരപ്പെടുത്തിയിട്ടുള്ളത്. മുന്‍പ് 0.06 ശതമാനം മാത്രമായിരുന്നു പരിശോധനാ ഫീസ്. പുതിയ ഏജന്‍സി 0.7 ശതമാനം ഈടാക്കുന്നു. കൂടാതെ കാലതാമസവും ഉണ്ടാകുന്നു. താങ്ങാനാവാത്ത ഫീസും കാലതാമസവും പണിയുടെ നടത്തിപ്പില്‍ പ്രയാസമുണ്ടാക്കുന്നു. ഗുണനിലവാര പരിശോധനയ്ക്ക് കൂടുതല്‍ ഏജന്‍സികളെ ചുമതലപ്പെടുത്തുകയും ചെലവ് സര്‍ക്കാര്‍ വഹിക്കുകയും ചെയ്യണമെന്നാണ് കരാറുകാര്‍ ആവശ്യപ്പെടുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ പെര്‍ഫോമന്‍സ് സെക്യൂരിറ്റി, ഇഎംഡി എന്നിവയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജല്‍ ജീവന് പദ്ധതിക്കും ബാധകമാക്കണമെന്നും ആവശ്യമുയരുന്നു. വാട്ടര്‍ കണക്ഷനുകളുടെ എണ്ണം ഇരട്ടിയാക്കുമ്പോള്‍ ജലലഭ്യത ഉറപ്പുവരുത്താനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണം. ഉപഭോക്താവിന്റെ കൂടി ചെലവില്‍ കണക്ഷനുകള്‍ നല്‍കിയിട്ട് വെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടാകുന്നത് ജനരോഷത്തിനിടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: