ഇരുളം: അന്തിയുറങ്ങാന്‍ ഒരു വീടില്ലാതെ ദുരവസ്ഥയിലാണ് ചീയമ്പം 73 കാട്ടുനായ്‌ക്ക കോളനിവാസികള്‍. മുപ്പതോളം വീടുകള്‍ കരാറുകാരന്റെ അനാസ്ഥയില്‍ രണ്ട് വര്‍ഷമായി പാതിവഴിയില്‍ മുടങ്ങി കിടക്കുകയാണ് ഇവിടെ. നടപടിയെടുക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളാവട്ടെ അനങ്ങാപ്പാറ നയം തുടരുകയാണ്.
പൂതാടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ചീയമ്പം 73 കോളനിയില്‍ 2017: 18 വര്‍ഷങ്ങളിലായി അനുവദിച്ച 30 ഓളം വീടുകളാണ് ഇനിയും പണി പൂര്‍ത്തിയാകാതെ കിടക്കുന്നത്. കരാറുകാരന്റെ അനാസ്ഥ കൊണ്ട് വീടുകള്‍ പാതിവഴിയില്‍ കിടക്കുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടികളുമുണ്ടാകുന്നില്ലെന്നതാണ് പ്രദേശവാസികളുടെ പരാതി.
തറ കെട്ടാനുള്ള പണം വാങ്ങിയിട്ട് തറ കെട്ടാത്തതും. ചുമരുകെട്ടിയതിന് ശേഷം മേല്‍ക്കൂര തീര്‍ക്കുന്നതിനുള്ള പണം വാങ്ങിയിട്ട് അത് ചെയ്യാത്തതുമടക്കം അഴിമതികളാണ് ഇവിടെ നടക്കുന്നത്. പട്ടികവര്‍ഗ വകുപ്പ് അനുവദിച്ച ഈ വീടുകളുടെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍ അനുവദിച്ച വര്‍ഷം തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇവിടെ താമസിക്കാമായിരുന്നു എന്നാണ് കോളനിക്കാര്‍ പറയുന്നത്.
നിര്‍മ്മാണം നിലച്ച പല വീടുകള്‍ക്കുള്ളിലും കാടുകളടക്കം വളര്‍ന്ന് പാമ്പുകളടക്കമുള്ള ഇഴജന്തുക്കള്‍ താവളമാക്കിയ അവസ്ഥയിലാണുള്ളത്. പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ട് മറച്ച കൂരകളിലാണ് കുട്ടികളടക്കമുള്ളവര്‍ അന്തിയുറങ്ങുന്നത്.പ്ലാസ്റ്റിക് ഷീറ്റുകളാവട്ടെ പലതും കീറിപ്പറിഞ്ഞ അവസ്ഥയിലുമാണ്. ആനശല്യവും, കടുവാശല്യവും ഈ പ്രദേശത്ത് രൂക്ഷമാണ്. പല ദിവസങ്ങളിലും ഉറങ്ങാതെയാണ് ഇവിടുത്തെ കുടുംബങ്ങള്‍ നേരം വെളുപ്പിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പാണ് ഈ പ്രദേശത്ത് നിന്നും ഒരു കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് വെച്ച് പിടികൂടിയത്.
വനവാസികളുടെ ജീവിതോപാധിയായിരുന്ന പ്രദേശത്തെ 16 ആടുകളെയാണ് കടുവ കൊന്നത്. ഓരോദിവസവും വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ടുപോകുന്നതെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ നടപടികളൊന്നുമുണ്ടാകുന്നില്ലെന്ന് തന്നെയാണ് കോളനിയിലെ ഓരോരുത്തര്‍ക്കും പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: