പൂവാര്‍: ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആറ് മാസത്തിന് ശേഷം ഭര്‍ത്താവും പാസ്റ്ററും പോലീസ് പിടിയിലായി. പരണിയം സ്വദേശി കുഞ്ഞുമോന്, തൃശൂര്‍ സ്വദേശിയായ പാസ്റ്റര്‍ വില്യംജോണ്‍ എന്നിവരാണ് അറസ്റ്റിലായത്. 40 ശതമാനം ബുദ്ധിമാന്ദ്യമുള്ള യുവതിക്ക് വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും കുട്ടികള്‍ ഇല്ലാത്തതിനാല്‍ ചികിത്സയ്ക്കെന്ന വ്യാജനേ തൃശൂരില്‍ എത്തിച്ച ശേഷമാണ് പീഡനം.
സംഭവം നടന്നത് 2020 ജൂണ്‍ മാസത്തിലാണ്. യുവതിയേയും കൂട്ടി കുഞ്ഞുമോന് തൃശൂരില്‍ വില്യംജോണിന്റെ വീട്ടിലെത്തി. അഞ്ചുദിവസം അവിടെയുണ്ടായിരുന്ന യുവതിയെ ഭര്‍ത്താവ് ചികിത്സയുടെ ഭാഗമെന്ന് ധരിപ്പിക്കുകയും വില്യംജോണ്‍ പീഡിപ്പിക്കുകയുമായിരുന്നു. എതിര്‍ത്ത യുവതിയെ ഭര്‍ത്താവ് കഴുത്തിന് കുത്തി പിടിച്ച് ഭീഷണിപ്പെടുത്തിയതായി പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
കാഞ്ഞിരംകുളത്തിന് സമീപം ചാണിയിലെ പ്രാര്ത്ഥനാകേന്ദ്രവുമായുള്ള പരിചയമാണ് കുഞ്ഞുമോന് വില്യം ജോണുമായുള്ളത്. തിരികെ വീട്ടിലെത്തിയ യുവതി ചേച്ചിയോട് വിവരം ധരിപ്പിച്ചു. തൊട്ടടുത്ത ദിവസം പൂവാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും കണ്ടെയിന്മെന്റ് സോണ്‍ എന്ന കാരണം പറഞ്ഞ് അലംഭാവം കാട്ടി പോലീസ് തിരിച്ചയച്ചു. പൂവാര്‍ സിഐ, ഡിവൈഎസ്പി, റുറല്‍ എസ്പി, വനിതാ സെല്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാല്‍ കാഞ്ഞിരംകുളം സ്വദേശിയായ പരാതിക്കാരി ഒക്ടോബര്‍ 3 ന് ഡിജിപിക്ക് പരാതി നല്കി. തുടര്‍ന്ന് കാഞ്ഞിരംകുളം പോലീസ് കേസ് എടുത്ത് പൂവാര്‍ പോലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: