സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യ തടയാനെന്ന പേരില്‍ ഓര്‍ഡിനന്‍സിലൂടെ പോലീസ് ആക്ട് ഭേദഗതി ചെയ്ത് കൊണ്ടുവന്ന നിയമം നടപ്പാക്കില്ലെന്ന് ഒറ്റ ദിവസംകൊണ്ട് പിണറായി വിജയന്റെ സര്‍ക്കാരിന് പറയേണ്ടി വന്നത് ജനങ്ങളുടെ ഇച്ഛാശക്തി വിജയിച്ചതിന്റെ തെളിവാണ്. അഭിപ്രായങ്ങള്‍ നിര്‍ദ്ദേശിക്കാമെന്നും, പ്രാവര്‍ത്തികമാക്കുന്ന ഘട്ടത്തില്‍ കുറവുകള്‍ പരിഹരിക്കുമെന്നുമൊക്കെയുള്ള സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഉറപ്പുകള്‍ അംഗീകരിക്കാന്‍ ജനങ്ങള്‍ ഒരുക്കമല്ലെന്ന് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനുതന്നെ പുതിയ നിയമഭേദഗതി തല്ക്കാലം നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കേണ്ടിവന്നത് വ്യക്തിപരമായ പരാജയം കൂടിയാണ്. സമൂഹമാധ്യമങ്ങളിലൂടെ പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും അന്തസ്സും ഹനിക്കുന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ തടയാനെന്ന പേരില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ യഥാര്‍ത്ഥ ലക്ഷ്യം മാധ്യമ സ്വാതന്ത്ര്യം തടയുകയെന്നതായിരുന്നു. അഴിമതി ഭരണത്തില്‍ പൊറുതിമുട്ടി കഴിയുകയാണ് ജനങ്ങള്‍. തങ്ങളുടെ അറിയാനുള്ള അവകാശത്തിലും സര്‍ക്കാര്‍ കൈവയ്ക്കുകയാണെന്നു വന്നപ്പോള്‍ ശക്തമായി പ്രതികരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അടിയന്തരാവസ്ഥയുടെ പാപഭാരം പേറുന്ന കോണ്‍ഗ്രസ്സിന് പിണറായി സര്‍ക്കാരിന്റെ പത്രമാരണ നിയമത്തിനെതിരെ ശബ്ദിക്കുവാന്‍ ധാര്‍മികമായ അവകാശമില്ല. നിയമഭേദഗതി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയുടെ മനംമാറ്റത്തിനു പിന്നിലെ കാരണങ്ങളിലൊന്നാണ്.
സത്യം ജനങ്ങളില്‍ എത്തിക്കേണ്ടത് മാധ്യമ ധര്‍മമാണെന്ന് മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയതിന് ജന്മഭൂമിക്കെതിരായ കേസ് തള്ളി ഇക്കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധിയുണ്ടായത്. വിരോധാഭാസമെന്നു പറയട്ടെ, ഇതേ ദിവസം തന്നെയാണ് മാധ്യമ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതും, നിയമം പ്രാബല്യത്തില്‍ വന്നതും. സിപിഎം നേതാക്കള്‍ക്കും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ സഹസ്രകോടികളുടെ അഴിമതി കേസുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുകയും, അതു സംബന്ധിച്ച അമ്പരപ്പിക്കുന്ന വസ്തുതകള്‍ വാര്‍ത്തകളായി വരികയും ചെയ്തതോടെയാണ്, സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെ മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത്. മൂന്നുവര്‍ഷം തടവും പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഒരു നിയമംകൊണ്ട് ഭയപ്പെടുത്തി മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും പിന്മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടത്. കരിനിയമം കൊണ്ടുവന്നശേഷം അത് ദുരുപയോഗം ചെയ്യില്ലെന്ന് പറയുന്നതിലെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി മുഖ്യമന്ത്രിയും സിപിഎം നേതാക്കളും കാണിച്ചില്ല. സ്റ്റാലിനിസ്റ്റ് രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ക്ക് ജനങ്ങള്‍ അടിച്ചമര്‍ത്തപ്പെടേണ്ട ഇരകളാണല്ലോ. പക്ഷേ പൗരാവകാശങ്ങള്‍ റദ്ദാക്കി ഇന്ദിരാഗാന്ധി കൊണ്ടുവന്ന അടിയന്തരാവസ്ഥക്കെതിരെ പോരാടി വിജയിച്ച ഒരു ജനതയോടാണ് അതിക്രമം കാണിക്കുന്നതെന്ന് പിണറായിമാര്‍ ഓര്‍മിക്കണമായിരുന്നു.
ആറുമാസമാണല്ലോ ഓര്‍ഡിനന്‍സിന്റെ കാലാവധി. ഇതിനിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കഴിയും. ഇക്കാലയളവില്‍ സര്‍ക്കാരിനെതിരായ വാര്‍ത്തകളെ കര്‍ശനമായി നിയന്ത്രിക്കാം. ഇതിനെതിരെ ആരെങ്കിലും കോടതിയില്‍ പോയാല്‍ നിയമനിര്‍മാണം സര്‍ക്കാരിന്റെ അവകാശമാണെന്ന് വാദിച്ച് സ്റ്റേ ഒഴിവാക്കാം. കേസില്‍ വാദം കേട്ട് വിധി വരാന്‍ സ്വാഭാവികമായും സമയമെടുക്കും. ഇടതുഭരണത്തില്‍ എന്തൊക്കെ അതിക്രമങ്ങള്‍ നടന്നാലും അടിമകളെപ്പോലെ ഒപ്പം നില്ക്കുന്ന സാംസ്കാരിക നായകന്മാര് ഇതിനെയും ന്യായീകരിച്ചുകൊള്ളും. ഇതാണ് സിപിഎമ്മും മുഖ്യമന്ത്രിയും കണക്കുകൂട്ടിയത്. ഇത്ര വലിയ പ്രതിഷേധം അപ്രതീക്ഷിതമായിരുന്നു. സിപിഎം കേന്ദ്ര നേതൃത്വം ഉപദേശിച്ചതനുസരിച്ചാണ് നിയമം നടപ്പാക്കുന്നതില്‍നിന്ന് പിന്മാറിയതെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത് സര്‍ക്കാരിനെ വെള്ളപൂശാനാണ്. ജനവികാരം മാനിക്കുന്ന ഭരണാധികാരിയാണ് പിണറായിയെന്ന് വരുത്താനുള്ള തന്ത്രം. കമ്യൂണിസ്റ്റ്
പാര്‍ട്ടികള്‍ക്ക് എവിടെയൊക്കെ അധികാരം ലഭിച്ചിട്ടുണ്ടോ അവിടങ്ങളിലൊന്നും മാധ്യമ സ്വാതന്ത്ര്യമില്ല. ചൈനയും ഉത്തരകൊറിയും മറ്റും സമീപകാല ഉദാഹരണങ്ങളാണ്. മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്നു പറയുന്നതും, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രോശിക്കുന്നതും പതിവാക്കിയ ഭരണാധികാരിയാണ് പിണറായി. നിലനില്‍പ്പ് അപകടത്തിലാണെന്നും, അതിന് കാരണക്കാര്‍ മാധ്യമങ്ങളാണെന്നും വിശ്വസിക്കുന്ന ഇത്തരമൊരാള്‍ ഏതു വേഷത്തില്‍ വന്നാലും വിശ്വസിക്കാനാവില്ല. നിയമഭേദഗതി തല്ക്കാലം നടപ്പാക്കില്ലെന്നു മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അത് പിന്‍വലിച്ചിട്ടില്ല. ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ മുന്നുപാധിയെന്ന് നമുക്ക് മറക്കാതിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: