Categories: Samskriti

ശരീരത്തെ സചേതനമാക്കുന്ന ആത്മാവ്

ഇതിനെ മറ്റ് അറിവുകളുമായി തട്ടിച്ചു നോക്കാനാവില്ല. ജ്ഞാനസ്വരൂപനായ ആത്മാവിനെ അനാത്മാക്കളായ ശരീരം മുതലായവയില്‍ നിന്ന് വേര്‍തിരിച്ചറിയണം.

ശ്ലോകം 265 തുടര്‍ച്ച…

ബ്രഹ്മം ശുദ്ധ ജ്ഞാനമാണ്. ഏതെങ്കിലും വിഷയത്തെക്കുറിച്ചുള്ള അറിവല്ല. അത് സ്വബോധം തന്നെയാണ്. ദൃശ്യസംബന്ധ രഹിതമായ ബോധം എന്ന് പറയാം.  

ഇതിനെ മറ്റ് അറിവുകളുമായി തട്ടിച്ചു നോക്കാനാവില്ല. ജ്ഞാനസ്വരൂപനായ ആത്മാവിനെ അനാത്മാക്കളായ ശരീരം മുതലായവയില്‍ നിന്ന് വേര്‍തിരിച്ചറിയണം.

രാജാവ് തന്റെ സൈന്യത്താല്‍ ചുറ്റപ്പെട്ട് സുരക്ഷിതനായി സ്ഥിതി ചെയ്യുന്നു. രാജാവ് ഒന്നും ചെയ്യുന്നില്ല. രാജ സാന്നിദ്ധ്യത്താല്‍ പ്രചോദിതരായി ഭടന്‍മാര്‍ അവരവര്‍ക്ക് നിശ്ചയിച്ച ജോലി ചെയ്യുന്നു. സാധാരണ ഭടന്‍മാരില്‍ നിന്നും രാജചിഹ്നങ്ങളെ കൊണ്ട് രാജാവിനെ തിരിച്ചറിയാം.

ആത്മാവ് രാജാവിനെപ്പോലെയാണ്. ആത്മാവ് ഒന്നും ചെയ്യുന്നില്ല. ആത്മാവിന്റെ സാന്നിദ്ധ്യം മൂലം ശരീരം മുതലായവ സചേതനങ്ങളായിത്തീരുന്നു. അവയെല്ലാം അവയുടെ ജോലി ചെയ്യുന്നു. ഭടന്‍മാരുടെ ഇടയില്‍ രാജാവ് എന്ന പോലെ അനാത്മാക്കളുടെ കൂട്ടത്തില്‍ ആത്മാവ് ഏറ്റവും കേമമായി വിളങ്ങുന്നു. എല്ലാറ്റിനും ഉപാദാനമായ ബ്രഹ്മത്തില്‍ നിന്ന് വേറിട്ട് ദൃശ്യവസ്തുക്കള്‍ക്ക് ഉണ്‍മയില്ല.

ശരീര ഇന്ദ്രിയമനോബുദ്ധികളെ വിക്ഷേപങ്ങളില്‍ നിന്ന് പിന്‍തിരിപ്പിക്കാനായാല്‍ ധ്യാനം എളുപ്പമാകും. അപ്പോള്‍ സാധകന്‍ ആത്മസാക്ഷാത്കാരമെന്ന ലക്ഷ്യത്തിലേക്ക് അടുക്കും. പരമാത്മാവ് തന്നെയാണ് ആശ്രയം. അതില്‍ തന്നെ ഉറച്ചിരിക്കണം. പിന്മാറരുത്. ഇങ്ങനെ പരമാത്മതത്ത്വത്തില്‍ സുപ്രതിഷ്ഠയെ നേടി നാനാത്വമായ ജഗത്തിനെ ബ്രഹ്മത്തില്‍ വിലയിപ്പിക്കണം.

സ്വപ്‌നലോകവും സ്വപ്‌നാനുഭവങ്ങളുമെല്ലാം ഉണരുമ്പോള്‍ തന്നില്‍ തന്നെ വിലയിക്കുന്നതു പോലെ ഈ ജഗത്ത് ബ്രഹ്മത്തില്‍ ലയിക്കട്ടെ.

ശ്ലോകം 266

ബുദ്ധൗ ഗുഹായാം സദസദ്  വിലക്ഷണം

ബ്രഹ്മാസ്തി സത്യം പരമദ്വിതീയം

തദാത്മനാ യോ/ത്ര വസേദ് ഗുഹായാം

പുനര്‍ന തസ്യാംഗ ഗുഹാ പ്രവേശഃ

സത്തില്‍ നിന്നും അസത്തില്‍ നിന്നും വേറിട്ടതും സത്യവും പരമവും അദ്വിതീയവുമായ ബ്രഹ്മത്തെ ബുദ്ധി ഗുഹയില്‍ സാക്ഷാത്കരിച്ചയാള്‍ പിന്നെ മാതൃ ഗര്‍ഭമാകുന്ന ഗുഹയില്‍ പ്രവേശിക്കേണ്ടി വരില്ല. ഇവിടെ സദസദ് എന്നതിന് കാര്യകാരണങ്ങള്‍, സ്ഥൂല സൂക്ഷ്മങ്ങള്‍ എന്നിങ്ങനെ അര്‍ത്ഥം അറിയണം. ബ്രഹ്മഭാവത്തെ സാക്ഷാത്കരിച്ചയാള്‍ക്ക് ശരീരത്തില്‍ താദാത്മ്യ അഭിമാനം ഉണ്ടാകില്ല. നാം ഓരോരുത്തരും ദേഹമാകുന്ന ഗുഹയില്‍ ബന്ധിതരാണ്.അതില്‍ നിന്ന് പുറത്ത് കടക്കണം. ദേഹ ഗുഹയെ വിട്ട് ബുദ്ധി ഗുഹയിലെ ആത്മതത്ത്വത്തെ ആശ്രയിക്കണം. ബുദ്ധി ഗുഹയെ ഹൃദയ ഗുഹ എന്നും പറയും. ഹൃദയ ഗുഹയില്‍ ബ്രഹ്മത്തെ സാക്ഷാത്കരിച്ചയാള്‍ ജീവിത ലക്ഷ്യം നേടി. അയാള്‍ക്ക് പിന്നെ വീണ്ടും അമ്മയുടെ ഗര്‍ഭത്തില്‍ പോയി വീഴേണ്ടി വരില്ല.ജനന മരണ രൂപമായ സംസാരദുഃഖം ഉണ്ടാകില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക