ബാംബോലിം: ഐഎസ്എല്‍ ഏഴാം സീസണില്‍ ഹൈദരാബാദ് എഫ്സിക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഒഡീഷ എഫ്സിയെ പരാജയപ്പെടുത്തി. 34-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അഡ്രിയാനാണ് ഗോള്‍ നേടിയത്. ഈ വിജയത്തോടെ ഹൈദരാബാദിന് മൂന്ന് പോയിന്റ് ലഭിച്ചു.
ആദ്യ പകുതിയില്‍ ഹൈദരാബാദാണ് തകര്‍ത്തുകളിച്ചത്. അതേസമയം ഒഡീഷയ്ക്ക് മികവ് കാട്ടാനായില്ല. ഒത്തിണക്കത്തിലും പാസിങ്ങിലുമൊക്കെ മികവ് പുലര്‍ത്തിയ ഹൈദരാബാദ് അവസരങ്ങളും സൃഷ്ടിച്ചു. അഞ്ചാം മിനിറ്റില്‍ അഡ്രിയാന്‍ സാന്റയുടെ ഹെഡ്ഡര്‍ നേരിയ വ്യതാസത്തിന് പുറത്തേക്ക് പോയി. തൊട്ടു പിന്നാലെ ആകാഷ് മിശ്ര തൊടുത്തുവിട്ട് ലോങ് റേഞ്ചര്‍ ഷോട്ട് ഒഡീഷയുടെ പ്രതിരോധ നിര തകര്‍ത്ത് കുതിച്ചെങ്കിലും ഗോളി അര്‍ഷദീപ് സിങ് പന്ത് രക്ഷപ്പെടുത്തി. ആദ്യത്തെ പതിനാറ് മിനിറ്റില്‍ ഹൈദരാബാദ് നാലു കോര്‍ണറുകള്‍ നേടിയെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാനായില്ല, ഒഡീഷ തുടക്കത്തില്‍ അവരുടെ ഹാഫില്‍ തന്നെയാണ് കളിച്ചത്. ഹൈദരാബാദിന്റെ പ്രതിരോധം തകര്‍ത്ത് മുന്നേറാന്‍ കഴിഞ്ഞില്ല. കളി പുരോഗമിച്ചതോടെ താളം കണ്ടെത്തി.
28-ാം മിനിറ്റില്‍ യുവ താരം സൗരഭ് മെഹര്‍ തൊടുത്തുവിട്ട ലോംങ് റേഞ്ചര്‍ ബാറിന് മുകളിലൂടെ പറന്നു പോയി. മുപ്പത്തിനാലാം മിനിറ്റില്‍ ഹൈദരാബാദ് ലീഡ് എടുത്തു. പെനാല്‍റ്റിയിലൂടെ അഡ്രിയനാണ് ഗോള്‍ നേടിയത്. നര്‍സാരിയുടെ നീക്കമാണ് പെനാല്‍റ്റിക്ക് വഴിയൊരുക്കിയത്. പന്തുമായി കുതിച്ച നര്‍സാരിയുടെ ഷോട്ട് തയാന്‍ ശ്രമിക്കവേ ഒഡീഷ താരം സ്റ്റീവന്‍ ടെയ്ലറുടെ കൈയില്‍ പന്ത് തട്ടി. റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത അഡ്രിയാന്‍ പിഴച്ചില്ല. പന്ത് ഓഡീഷയുടെ വലയില്‍.
ഗോള്‍ വീണതോടെ ഒഡീഷ പ്രത്യാക്രമണം നടത്തി. നാല്‍പ്പതാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ മാനവുല്‍ ഓണ്‍വു തലവെച്ചെങ്കിലും ഹൈദരാബാദ് ഗോളി സുബ്രതാ പോള്‍ പന്ത് പിടിച്ചെടുത്തു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഹൈദരാബാദിന് ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചതാണ്. പക്ഷെ നര്‍സാരിയുടെ ബുളളറ്റ് ഷോട്ട് ഗോളി അര്‍ഷദീപ് രക്ഷപ്പെടുത്തി.
രണ്ടാം പകുതിയില്‍ ഒഡീഷ മാഴ്സെലീഞ്ഞോയ്ക്ക് പകരം ലെയ്ഷറാം സിങ്ങിനെ ഇറക്കി. ഹൈദരാബാദ് മുഹമ്മദ് യാസിറിന് പകരം ലിസ്റ്റണെയും കളത്തിലിറക്കി. ചടുലമായ നീക്കങ്ങളിലൂടെ ലിസ്റ്റണ്‍ പല തവണ ഒഡീഷയുടെ പ്രതിരോധത്തെ വിറപ്പിച്ചു. 67-ാം മിനിറ്റില്‍ ഒന്നിലെറേ പ്രതിരോധ നിരക്കാരെ മറികടന്ന് കുതിച്ച ലിസ്റ്റണ്‍ ഗോള്‍ ലക്ഷ്യംവച്ച് ഷോട്ട് ഉതിര്‍ത്തു. പക്ഷെ പന്ത് പുറത്തേക്ക് പോയി.
പിന്നീട് നര്‍സാരിയും നല്ലൊരു നീക്കം നടത്തി. ബോക്സിനത്ത് നിന്ന് പുറത്തേക്ക് മറിഞ്ഞുകിട്ടിയ പന്ത് നര്‍സാരി പോസ്റ്റിലേക്ക് പായിച്ചെങ്കിലും ഫലം കണ്ടില്ല. അവസാന നിമിഷങ്ങളില്‍ ഹൈദരാബാദ് ഹിതേഷിന് പകരം ആദില്‍ ഖാനെ ഇറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: