Categories: Kerala

‘അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ച് പിണറായി; പോലീസ് ആക്ട് ഭേദഗതിയുടെ മറവില്‍ സംസ്ഥാനത്ത് മാധ്യമ മാരണ നിയമം

പറഞ്ഞത് സൈബര്‍ ആക്രമണങ്ങളെ നേരിടാനെന്ന്, വിജ്ഞാപനം എല്ലാ മാധ്യമങ്ങള്‍ക്കും ബാധകം ആര്‍ക്കും പരാതി നല്‍കാം, പോലീസിനു സ്വമേധയാ കേസെടുക്കാം; ജാമ്യമില്ലാ വകുപ്പ്

തിരുവനന്തപുരം: പോലീസ് ആക്ടില്‍ ഭേദഗതി വരുത്തുന്നതിന്റെ മറവില്‍ സംസ്ഥാനത്തെ ഭരണകൂട ഭീകരതയിലേക്ക് നയിച്ച്, അടിയന്തരാവസ്ഥയ്‌ക്ക് സമാനമായ സാഹചര്യം പ്രഖ്യാപിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍. സൈബര്‍ ആക്രമണങ്ങളെ നിയന്ത്രിക്കാന്‍ എന്ന വ്യാജേന കൊണ്ടുവന്ന ഭേദഗതി സംസ്ഥാനത്തെ മാധ്യമങ്ങളെ വേട്ടയാടാനുള്ള മാര്‍ഗമാക്കി.  

സ്ത്രീകള്‍ക്കെതിരായ സൈബര്‍ അധിക്ഷേപം തടയാനെന്ന പേരിലാണ് ഭേദഗതി നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തില്‍  സൈബര്‍ എന്നതിനുപകരം ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധി എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ഇതോടെ മുഴുവന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.

പോലീസ് ആക്ടില്‍ 118 (എ) എന്ന ഉപവകുപ്പ് ചേര്‍ത്താണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.  ഇതനുസരിച്ച് ഒരു വാര്‍ത്തക്കെതിരെ ആര്‍ക്കുവേണമെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയോ മാധ്യമ സ്ഥാപനത്തിനെതിരെയോ ഏതു പോലീസ് സ്റ്റേഷനിലും പരാതി നല്‍കാം. ആരും പരാതി നല്‍കിയില്ലെങ്കില്‍ പോലീസിന് സ്വമേധയാ കേസെടുക്കാം. വാര്‍ത്തയിലൂടെ ഒരാള്‍ക്ക് മാനഹാനി ഉണ്ടായെന്ന് തോന്നിയാല്‍ മറ്റാര്‍ക്കുവേണമെങ്കിലും പരാതി നല്‍കാം. ജാമ്യമില്ലാത്ത വകുപ്പ് ആയതിനാല്‍ അറസ്റ്റ് ചെയ്യാം. അറസ്റ്റിന് മജിസ്‌ട്രേറ്റിന്റെ അനുമതിയോ വാറന്റോ ആവശ്യവുമില്ല. ശിക്ഷയായി അഞ്ചു വര്‍ഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ചുമത്താം. ഭീഷണി, അധിക്ഷേപം, അപമാനം, അപകീര്‍ത്തി എന്നിവ ഉള്‍ക്കൊള്ളുന്ന എന്തും ഏത് വിനിമയ ഉപാധി വഴി പ്രസിദ്ധീകരിച്ചാലും പ്രചരിപ്പിച്ചാലും കേസെടുക്കാം. ഭേദഗതിയിലൂടെ പോലീസിനെ ഉപയോഗിച്ച് മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ലക്ഷ്യം സര്‍ക്കാരിനും നേതാക്കള്‍ക്കുമെതിരെയുള്ള വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് കൂച്ചുവിലങ്ങിടല്‍.

അടിയന്തരവസ്ഥക്കാലത്തേതു പോലെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വാര്‍ത്തകളെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയും.  സര്‍ക്കാരിന്റെ അഴിമതിക്കഥകള്‍ പുറത്ത് വന്നതോടെ വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. നേരത്തെ പിആര്‍ഡിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഫാക്ട് ചെക്ക് സംവിധാനം കൊണ്ടുവന്നിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ്  നിയമഭേദഗതിയുമായി പുതിയ നീക്കം. സര്‍ക്കാര്‍ നീക്കത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക