ഗുരുവായ അച്യുതപ്പിഷാരടിയിലൂടെ അച്യുതനായ ഗുരുവയുരപ്പനെ ശരണാഗതി പ്രാപിച്ച് ജനഹൃദയങ്ങളില്‍ അച്യുതനായി മാറിയ മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരിയുടെ സ്മരണ ഉണര്‍ത്തുന്ന ‘മേല്‍പ്പത്തൂര്‍ ദിനം’ ആണ് ഇന്ന്. കൊല്ലവര്‍ഷം 735ല്‍ തിരുനാവായ ചന്ദനക്കാവില്‍ മേല്പ്പുത്തൂരില്ലത്തു മാതൃദത്തന്‍ ഭട്ടതിരിയുടെ മകനായി ജനിച്ചു. പണ്ഡിതരുടെ കുടുംബമായ പയ്യൂരില്ലമാണ് മാതൃഭവനം. വേദാന്ത മീമാംസാ പണ്ഡിതനായിരുന്ന പിതാവ് തന്നെയായിരുന്നു പ്രഥമ ഗുരുനാഥന്.
മഹാമനീഷിയായിരുന്ന അച്യുതപ്പിഷാരടിയെ ഗുരുവായി സ്വീകരിച്ചായിരുന്നു തുടര്‍പഠനം. അത് ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി.ഗുരു, സാക്ഷാല്‍ ഇശ്വരന് തന്നെയാണെന്ന് അനുഭവ വെളിച്ചത്തില്‍ താമസംവിനാ ഭട്ടതിരിക്ക് ബോധ്യമായി. ഗുരുപവനപുരേശ സവിധത്തില്‍ എത്തി പരമലക്ഷ്യമായ പരമപുരുഷാര്‍ത്ഥ പ്രാപ്തിക്ക് ഹേതുവായതും ഗുരുതന്നെയായിരുന്നു. ഇല്ലത്തിനടുത്തുള്ള ചന്ദനക്കാവ് ക്ഷേത്രത്തിലെ ഊരാണ്മ സ്ഥാനം മേല്പ്പത്തൂരില്ലക്കാര്ക്കുമുണ്ടായത് നിത്യദര്‍ശനത്തിലൂടെ ഭക്തിവളരാന് പ്രേരകമായി.ഈ ക്ഷേത്രച്ചുവരില്‍ മേല്‍പ്പത്തൂര്‍ വരച്ച ശ്രീകൃഷ്ണന്റെയും, ഗണപതിയുടെയും ചിത്രങ്ങള്‍ ഇന്നും ഭക്തര്‍ ആരാധിക്കുന്നുണ്ട്.
സംസ്കൃതപഠനത്തിലെ താല്‍പ്പര്യവും അച്ഛന്റെ ബാല്യശിക്ഷണവും വേദ മീമാംസാദിശാസ്ത്ര പഠനവും തര്‍ക്ക വ്യാകരണാദി തുടര്‍ പഠനങ്ങള്‍ക്ക് പ്രചോദനമേകി. ജന്മവാസനയായി സിദ്ധിച്ച കവിത്വവും, ഈശ്വര താല്‍പ്പര്യവും ഗുരുക്കന്മാരിലൂടെ പതിന്മടങ് പോഷിക്കപ്പെട്ടു. ഇഷ്ടഗുരുവിന്റെ വാതരോഗത്താലുള്ള കഷ്ടപ്പാട് കണ്ട് കര്മ്മവിപാക ദാന
പ്രായശ്ചിതാര്ത്ഥം സ്വയമേവ അതേറ്റുവാങ്ങാന്‍ തയ്യാറായി. ഗുരു രോഗമുക്തനും ശിഷ്യന് രോഗഗ്രസ്തനുമായി. ചികിത്സ ഫലിക്കാതെ വന്നപ്പോള്‍ ഗുരുവായൂരപ്പനെ ആശ്രയിക്കാനുള്ള ഉള്‍വിളിയാല്‍ ഗുരുവിന്റെയും ഭക്തോത്തമനായ തുഞ്ചത്തെഴുത്തച്ഛന്റെയും അനുഗ്രഹാശിസ്സുകള്‍ വാങ്ങി കൊല്ലവര്‍ഷം 762 തിരുവോണദിവസം ഊണു കഴിഞ്ഞു ഗുരുവായൂര്‍ ഭജനത്തിനായി അനുജനോടൊപ്പം ഇല്ലത്തുനിന്നിറങ്ങി.
ഗുരുവായൂരെത്തി പിറ്റേദിവസം ചിങ്ങം 21 നു പ്രഭാതത്തില്‍ ക്ഷേത്രകുളത്തില്‍ കുളിച്ച് ഗുരുവായൂരപ്പനെ തൊഴുത് തെക്കേ വാതില്‍മാടത്തിന്റെ കിഴക്കെ അറ്റത്തു ഗുരുവായൂരപ്പ ദര്‍ശനം സാധ്യമാകുന്ന രീതിയില്‍ ഇരുന്ന് സ്തോത്രപദ്യങ്ങള്‍ ഉണ്ടാക്കി സ്തുതിക്കാന്‍ തുടങ്ങി. അനുജന് മാതൃദത്തന്‍ അത് കേട്ട്എഴുതാനും തുടങ്ങി. ഓരോ ദിവസം ഓരോദശകം എന്ന രീതിയില്‍ ഭജനം.
ഈശ്വരകാരുണ്യത്താല്‍ മുന്നോട്ടുപോകുംതോറും മേല്‍പ്പത്തൂര്‍ ഭക്തിലഹരിയില്‍ ഉന്മേഷവാനായി. നൂറാം ദിവസമായ വൃശ്ചികം 28നു നൂറാം ദശകം തുടങ്ങുന്നദിവസം മേല്‍പ്പത്തൂരിന്റെ തീവ്ര ഭക്തസപര്യയില് സന്തുഷ്ടനായ ഗുരുവായൂരപ്പന് തന്റെ ദിവ്യ ശ്യാമള കോമള സ്വരൂപം ആ മഹാത്മാവിന് കാണിച്ചു കൊടുത്തു. താന്‍ ദര്‍ശിച്ച ഭഗവത്സ്വരൂപം ആനന്ദാശ്രു പൊഴിച്ചുകൊണ്ട് കേശാദിപാദവര്ണനയായി പ്രേമഭക്തിയില്‍ ആറാടി സ്തുതിച്ചു ഭഗവത്പാദത്തില്‍ സമര്‍പ്പിച്ചു നിര്‍വൃതി തേടി.
ശ്രീമന്നാരായണീയം ശതദിനോപാസാനയിലൂടെ ശതദശകങ്ങളായി പൂര്‍ത്തികരിച്ച മേല്‍പ്പുത്തൂര്‍ ഭക്ത മനസ്സുകളില്‍ ഇന്നും ചിരഞ്ജീവിയായി വാഴുന്നു. 18000 ശ്ലോകങ്ങളുള്ള ഭക്തികാവ്യമായ ശ്രീമദ്ഭാഗവതത്തിന്റെ അമൃതസാരമാണ് നാരായണീയം.
പി.കെ. മുരളീധരന് രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: