കൊല്ലം: ….ഇത് നിന്റെ എന്റെയും ചരമശുശ്രൂഷയ്ക്ക്, ഹൃദയത്തിലിന്നേ കുറിച്ച ഗീതം..! ഇന്നലെകളില്‍ എസ്എംപി കോളനിയിലെ ഒരാളെങ്കിലും സര്ക്കാര്പണിത ഫ്ളാറ്റ് കണ്ടിട്ട് ഒഎന്‍വിയുടെ ‘ഭൂമിക്കൊരു ചരമഗീതം’ പാടാതെ പോയിട്ടുണ്ടാവില്ല. 36 കുടുംബങ്ങള്‍ അധിവസിക്കുന്ന കന്റോണ്‍മെന്റ് സൗത്ത് കോളനിയില്‍ രാജീവ് ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തിയാണ് രണ്ടുവര്‍ഷം മുമ്പ് 400 ചതുരശ്ര അടിയില്‍ 6 നില ഫ്ളാറ്റ് നിര്‍മിച്ചത്. കഴിഞ്ഞ നവംബറില്‍ ഫിഷറീസ് മന്ത്രി മേഴ്സികുട്ടി ഉദ്ഘാടനവും നിര്‍വഹിച്ചു.
എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഫ്ളാറ്റിന്റെ താക്കോല്‍ കൈമാറാന്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. 50 ശതമാനം കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണ്.
ഫ്ളാറ്റ് നിര്‍മിച്ച സ്ഥലത്ത് താമസിച്ചിരുന്ന കുടുംബങ്ങള്‍ ഏകദേശം രണ്ടുവര്‍ഷത്തിന് മുകളിലായി വാടകയ്ക്ക് താമസിക്കുകയാണ്. കോര്പ്പറേഷന് അധികൃതര്‍ താത്കാലിക പുനരധിവാസം എന്ന നിലയില്‍ ഇവര്‍ക്കായി ഷെഡ് പണിതുനല്‍കിയിരുന്നു. എന്നാല്‍ ഇവ താമസയോഗ്യമല്ലാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കന്റോണ്‍മെന്റ് വാര്‍ഡിലെ ഇടതുവലത് മുന്നണി നേതാക്കള്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കുന്നത് വിശ്വസിക്കരുതെന്നും ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ വെറും നിലവാരശൂന്യമാണെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: