കൊല്ലം: കുരീപ്പുഴയിലെ കക്കൂസ് മാലിന്യപ്ലാന്റ് പദ്ധതി ഒരുവിധത്തിലും അംഗീകരിക്കാനാകില്ലെന്ന് ശക്തികുളങ്ങര കര ദേവസ്വം ബോര്‍ഡ് ഓഫ് മാനേജ്മെന്റ് പ്രമേയം.
നൂറ്റാണ്ടുകളായി കുരീപ്പുഴയിലുള്ള ധര്‍മശാസ്താവിന്റെ ആറാട്ടുകുളത്തിന്റെ പരിപാവനത നശിപ്പിക്കുന്ന പദ്ധതി ഉപേക്ഷിക്കുന്നതാണ് കോര്പ്പറേഷന് അഭികാമ്യമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. കൊല്ലം നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന വലിയ ഉത്സവമാണ് ശക്തികുളങ്ങര ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലേത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഉത്സവം പതിവായി നടക്കുന്നത്.
ദേശീയപാതയില്‍ കുരീപ്പുഴയില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമാണിത്. കന്നിമേല്‍, കുരീപ്പുഴ, മീനം, ശക്തികുളങ്ങര എന്നീ നാലുകരകളിലുള്ള ഭക്തജനങ്ങളാണ് ഉത്സവം നടത്തുന്നത്. നീണ്ടകര പാലം മുതല്‍ തിരുമുല്ലവാരം വരെയുള്ള പ്രദേശങ്ങള്‍ അടങ്ങുന്നതാണ് ഈ നാലുകരകള്‍.
പതിറ്റാണ്ടുകളായി ഈ ക്ഷേത്രത്തിലെ ആറാട്ടുഘോഷയാത്രയും കെട്ടുകാഴ്ചയുമെല്ലാം ജനകീയമാണ്. ഈ ക്ഷേത്രത്തിന്റെ ആറാട്ടുകുളമാണ് എല്ലാ പരിപാവനതയോടെയും മാമൂട്ടില്‍കടവില്‍ സ്ഥിതി ചെയ്യുന്നത്. ഇതിന് 50 മീറ്റര്‍ ദൂരെയാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്ന മാലിന്യപ്ലാന്റ്. നാലുകരകളിലുമുള്ള 12 കരയോഗം ഭാരവാഹികള്‍ സംയുക്തമായാണ് യോഗം ചേര്‍ന്ന് പ്ലാന്റിനെതിരെ പ്രമേയം പാസാക്കിയത്. ക്ഷേത്രങ്ങളുടെ വലിയ പട്ടികതന്നെയാണ് കുരീപ്പുഴയ്ക്ക് ചുറ്റുമുള്ളത്. ദേവീചൈതന്യം തുടിക്കുന്ന വട്ടമനക്കാവ് ദുര്‍ഗാദേവിക്ഷേത്രത്തിന്റെ മതിലിനോട് ചേര്‍ന്നാണ് മാലിന്യക്കൂന.
മാലിന്യ പ്ലാന്റിനെതിരെ നാട്ടുകാര്‍ ഒറ്റക്കെട്ടായി പ്രക്ഷോഭപാതയിലാണ്. പ്ലാന്റ് സ്ഥാപിക്കലിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ജില്ലാഭരണകൂടം ഇവിടെ മൂന്നാഴ്ചക്കാലമായി 144 പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം കോര്പ്പറേഷന് നിലവില്‍ വന്ന 2000 മുതലാണ് കുരീപ്പുഴ, ചണ്ടിഡിപ്പോയായി മാറിയത്. 2010 ഡിസംബറില്‍ കുരീപ്പുഴ മനുഷ്യാവകാശ – പരിസ്ഥിതിസംരക്ഷണസമിതി പ്രക്ഷോഭങ്ങളുമായി രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: