മഞ്ചേശ്വരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടന്നു വരുന്നവരെ സ്വീകരിക്കുക വികസന പിന്നോക്കാവസ്ഥയില്‍ വീര്‍പ്പ് മുട്ടുന്ന മഞ്ചേശ്വരം പഞ്ചായത്താണ്. കേരളത്തിന്റെ വടക്കേ അറ്റത്ത് കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രധാന പഞ്ചായത്താണ് മഞ്ചേശ്വരം.
മാലിന്യ സംസ്കരണം പൂര്‍ണ്ണ പരാജയമായത് കാരണം റോഡുവക്കിലും കവലകളും നിറഞ്ഞ് നില്ക്കുന്ന മാലിന്യ കൂമ്പാരമാണ് കേരളത്തിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യുന്നത്. 45 ലക്ഷം രൂപ ചെലവില്‍ മഞ്ചേശ്വരം ഗേരുക്കട്ടയില്‍ തുടങ്ങിയ മാലിന്യ സംസ്കരണ പദ്ധതി ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നും വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം, തൊഴില്‍ തുടങ്ങിയെല്ലാവിധ ദൈനംദിന ആവശ്യങ്ങള്‍ക്കും മഞ്ചേശ്വരം നിവാസികള്‍ക്ക് ആശ്രയം അയല്‍ സംസ്ഥാനമായ കര്‍ണ്ണാടക തന്നെയാണ്.
കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ വേനല്‍ക്കാലത്ത് ജനങ്ങളേറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നിരവധി സമരങ്ങള്‍ക്കുശേഷവും മഞ്ചേശ്വരം, ഹൊസങ്കടി മത്സ്യ മാര്‍ക്കറ്റുകളുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരമായിട്ടില്ല.
പഞ്ചായത്തിലെ പ്രധാന ടൗണായ ഹൊസങ്കടിയിലെ ശൗചാലയ നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഗ്രാമീണ റോഡുകളുടെ സ്ഥിതി കഷ്ടമാണ്. പലയിടത്തും ഓവുചാലുകള്‍ പോലുമില്ല. പഞ്ചായത്തില്‍ പൊതുശ്മശാനം വേണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. അത് ഇതുവരെ നടപ്പാക്കിയിട്ടില്ല. ഉദ്യാവര്മാടയില് 2.77 ഏക്കര്‍ വരുന്ന ശ്മശാനഭൂമിയുടെ ഭൂരിഭാഗവും ഇന്ന് കൈയ്യേറ്റക്കാരുടെ കൈവശമാണുള്ളത്. ഈ ഭൂമി കൈയ്യേറിയ നിരവധിപേര്‍ ഇവിടെ വീട് നിര്‍മ്മിച്ച് താമസിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. അതുകാരണം ശവസംസ്കാരത്തിന് ഇവിടെയുള്ളവര്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
പിണറായി സര്‍ക്കാറിന്റ നേട്ടമായി കൊട്ടിഘോഷിച്ച് ആരംഭിച്ച ലൈഫ് പദ്ധതി നടപ്പാക്കുന്നതില്‍ വേണ്ടത്ര പുരോഗതിയുണ്ടാവാത്തത് സാധാരണക്കാരുടെ വീടെന്ന സ്വപ്നത്തിന് മേലാണ് കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. മംഗലാപുരം വഴി വരുന്ന ഇതര സംസ്ഥാനക്കാരുടെ മുന്നില്‍ കേരള വികസനത്തിന്റെ മാതൃകയായി തെളിഞ്ഞ് നില്‍ക്കേണ്ട പ്രദേശമാണ് മഞ്ചേശ്വരം പഞ്ചായത്ത്.
പക്ഷെ ഇന്ന് സംസ്ഥാന സര്‍ക്കാറിന്റെ അനാവസ്ഥ കാരണം വികസനമുരടിപ്പിലൂടെ പിന്നോക്കം പോവുന്ന കാഴ്ചയാണ് മഞ്ചേശ്വരത്ത് ദൃശ്യമാവുക. ഇതിനെതിരെയുള്ള വിധിയെഴുത്താവും മഞ്ചേശ്വരത്തെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: