കാസര്‍കോട്: മാലിന്യ പ്രശ്നത്തിന് ശ്വാശ്വതമായ പരിഹാരം കാണാന്‍ യുഡിഎഫ് നേതൃത്വത്തിലുള്ള കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിനായിട്ടില്ല. മാലിന്യ സംസ്കരണ പദ്ധതി സ്ഥാപിക്കണമെന്ന ആവശ്യം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഭരണ സമിതിക്ക് വലയ വീഴ്ചയാണുണ്ടായതെന്ന് ബിജെപി ബ്ലോക്ക് പഞ്ചായത്തംഗവും പ്രതിപക്ഷ നേതാവുമായ സത്യശങ്കരഭട്ട് പറയുന്നു.
സ്വച്ഛ് ഭാരത് മിഷന്റെ പ്രവര്‍ത്തനം വേണ്ടത്ര കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടപ്പാക്കിയിട്ടില്ല. കുമ്പള മുതല്‍ കാസര്‍കോട് വരെ ദേശീയപാതയോരങ്ങളില്‍ പലപ്പോഴും മാലിന്യം കുന്നുകൂടി കിടക്കുകയാണ്. വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പൂര്‍ണ്ണ പരിഹാരമായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മധൂര്‍ പാറക്കട്ടയില്‍ 90 ലക്ഷം രൂപ ചിലവില്‍ തിരുവനന്തപുരത്തെ ശാന്തിനികേതന്‍ മാതൃകയില്‍ നിര്‍മ്മിക്കുന്ന ഗ്യാസ് ശ്മശാന നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. ആകെ 15 അംഗങ്ങളാണ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലുള്ളത്. ബിജെപിക്ക് നാല് അംഗങ്ങളും യുഡിഎഫിന് 11 അംഗങ്ങളുമുണ്ട്. കേന്ദ്ര ഭരണത്തിലുള്പ്പെടെയുള്ള ബിജെപിയുടെ പ്രവര്‍ത്തനമികവ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ അലയടിക്കുമെന്നും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ നാലില്‍ നിന്ന് ഇരട്ടിയിലധികം സീറ്റുകള്‍ നേടുമെന്നും സത്യശങ്കര ഭട്ട് പറയുന്നു. നിലവില്‍ ഇടതുമുന്നണിക്ക് ഒരു സീറ്റ് പോലുമില്ലാത്ത ബ്ലോക്ക് പഞ്ചായത്താണ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: