മഡിയന്‍: ദേശീയ-സംസ്ഥാന പാതകളെ പരസ്പരം ബന്ധിപ്പിക്കുന്ന മഡിയന്‍-വെള്ളിക്കോത്ത് റോഡിലെ പാലത്തുങ്കാല്‍ പാലം അപകടാവസ്ഥയിലായിട്ടും അധികൃതര്‍ അനക്കമില്ല. പാലത്തിന്റെ കോണ്‍ക്രീറ്റ് ചെയ്ത തൂണുകളും സ്ലാബും ദ്രവിച്ചനിലയിലായിട്ട് വര്‍ഷങ്ങളായി. കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പലസ്ഥങ്ങളിലും വിണ്ടുകീറി കമ്പികള്‍ പുറത്തേക്ക് ഉന്തിനില്‍ക്കുകയാണ്.
വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ പാലത്തിന് കുലുക്കം അനുഭവപ്പെടുന്നതായി ഡ്രൈവര്‍മാര്‍ പറയുന്നു. മഡിയന്‍ കവലയില്‍ തുടങ്ങി വെള്ളിക്കോത്ത് വഴി മൂലക്കണ്ടത്ത് അവസാനിക്കുന്ന റോഡ് ചന്ദ്രഗിരി സംസ്ഥാനപാതയെയും ദേശീയപാതയെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ്. ദേശീയപാതയിലും സംസ്ഥാനപാതയിലും അറ്റകുറ്റപ്പണി നടക്കുമ്പോഴും അപകടങ്ങള്‍ സംഭവിച്ചാലും ബൈപ്പാസായി ഈ പാതയെ ഉപയോഗപ്പെടുത്താറുണ്ട്.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഈ റോഡില്‍ 4.73 കോടിയുടെ നവീകരണം തുടങ്ങിയിട്ടുണ്ട്. അടോട്ട് ഭാഗത്തുള്ള കലുങ്ക് നിര്‍മാണമാണ് ഇപ്പോള്‍ നടന്നുവരുന്നത്. എന്നാല്‍, പുനരുദ്ധാരണ അടങ്കലില്‍ അപകടവസ്ഥയിലുള്ള പാലം പുതുക്കിപ്പണിയാനുുള്ള നിര്‍ദേശങ്ങള്‍ ഇല്ല. ഇതാണ് കരാറുകാരനെയും നാട്ടുകാരെയും ആശയക്കുഴപ്പത്തിലാക്കുന്നത്.
റോഡ് നന്നാക്കിയെടുത്താലും പാലം പുതുക്കിപ്പണിതില്ലെങ്കില്‍ അതിന്റെ ഗുണം ലഭിക്കില്ലെന്ന ആശങ്കയിലാണ് നാട്ടുകാര്‍. അഞ്ചര മീറ്റര്‍ വീതിയില്‍ റോഡ് മെക്കാഡം ടാര്‍ ചെയ്താണ് നവീകരണം നടക്കുക. ടാറിങ് നടക്കുമ്പോള്‍ പാലം പോകുന്ന പ്രദേശത്തെ റോഡിന് ഈ വീതി കിട്ടില്ല എന്ന ന്യൂനതയും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മഡിയന്‍ തോടും അപകടാവസ്ഥയിലായ പലവും നീലേശ്വരംചിത്താരിപ്പുഴ തീരദേശ ജലപാത പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. 40 മീറ്റര്‍ വീതിയിലാണ് ജലപാത വിഭാവനം ചെയ്തിരിക്കുന്നത്. ജലപാത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും പാലം പുതുക്കിപ്പണിയാവുന്നതാണ്. റോഡ് നവീകരണത്തിനോടൊപ്പം പാലം പുതുക്കിപ്പണിയാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന പ്രത്യാശയിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: