കോട്ടയം: അനീതിയും അക്രമവും പുലരുന്നതിനു വേണ്ടിയാണ് പാത്രിയര്‍ക്കീസ് വിഭാഗം ഉപവാസ സമരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത. രാജ്യത്തെ നീതിന്യായ വ്യവസ്ഥകള്‍ അനുസരിച്ച് കോടതികള്‍ നല്‍കുന്ന ഉത്തരവുകള്‍ നടപ്പാക്കാതിരിക്കാനും അതിനെ മറിക്കടക്കാനും വിധി നടത്തിപ്പ് താമസിപ്പിക്കാനുമാണ് പാത്രിയര്‍ക്കീസ് വിഭാഗം പരിശ്രമിക്കുന്നത്. കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പോലീസ് സേനയെയും കുറ്റപ്പെടുത്തുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമവിധേയമായി ഐക്യപ്പെട്ട് മുന്നോട്ടുപോകണമെന്ന് കോടതി വിധി നല്‍കിയിരിക്കുന്ന ദേവാലയങ്ങളില്‍ ആക്രമണ പ്രവണതകളും നശീകരണവുമുണ്ടാകുന്നത് അംഗീകരിക്കാന്‍ സാധ്യമല്ല. തുമ്പമണ്‍ മെത്രാസനത്തിലെ വള്ളിക്കോട് കോട്ടയം സെന്റ് മേരീസ് പള്ളിയിലുണ്ടായ നശീകരണങ്ങള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ തീരുംവരെ കോടതി വിധികള്‍ നടപ്പാക്കുകയില്ലയെന്ന് ഓര്‍ത്തഡോക്സ് സഭ സമ്മതിച്ചതായി ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സത്യവിരുദ്ധമാണെന്നും ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: