തിരുവനന്തപുരം: ഏറെ ആരോപണങ്ങള്‍ ഉയരുകയും സിഎജി റിപ്പോര്‍ട്ടില്‍ രൂക്ഷമായ വിമര്‍ശനമുണ്ടാവുകയും ചെയ്തതിനു പിന്നാലെ കിഫ്ബിയിലും എന്‍ഫോഴ്മെന്റ് അന്വേഷണം തുടങ്ങി. സ്വര്‍ണക്കടത്ത് കേസില്‍ തുടങ്ങി ലൈഫ് മിഷനിലും കെ ഫോണിലും അടക്കം സംസ്ഥാന സര്‍ക്കാരിന്റെ പല നിര്‍ണായക പദ്ധതികളിലും ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ പരിശോധനയും അന്വേഷണവും തുടരുകയാമ്. ഇതിനിടയിലാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയിലേക്കും അതിന്റെ പ്രധാന വരുമാനമാര്‍ഗമായ മസാല ബോണ്ടിലേക്കും കേന്ദ്ര ഏജന്‍സികള്‍കളുടെ അന്വേഷണം നീളുന്നത്.
കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിസര്‍വ് ബാങ്കിന് കത്ത് നല്കി. വിശദാംശങ്ങള്‍ തേടികൊണ്ടാണ് ഇഡി ആര്‍ബിഐയ്ക്ക് കത്ത് നല്‍കിയത്. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. കിഫ്ബിയുടെ കടമെടുപ്പ് സര്‍ക്കാരിന് ഇതുവരെ 3100 കോടി രൂപയുടെ ബാധ്യതയുണ്ടാക്കിയതായി സിഎജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ചാണ് ഇപ്പോള്‍ ഇഡി അന്വേഷിക്കുന്നത്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്നതാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്. വിദേശ വിപണിയിലറങ്ങി സര്‍ക്കാരിന് ഫണ്ട് സ്വരൂപിക്കാനാവുമോ ഇത് വിദേശ വിനിമയ ചട്ടത്തിന് എതിരാണോ എന്നീ കാര്യങ്ങളും ഇഡി പരിശോധിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാര്‍, ആര്‍ബിഐ അനുമതിയില്ലാതെ കിഫ്ബി വഴി പണം വായ്പ എടുക്കാന്‍ പറ്റില്ലെന്ന വാദം തങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സിഎജി ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ സിഎജിക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് ധനമന്ത്രി തോമസ് ഐസക് തന്നെ രംഗത്തു വന്നിരുന്നു. ആര്‍ബിഐ അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ടുകള്‍ വാങ്ങിയത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ റിപ്പോര്‍ട്ടിലെ ചില പേജുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: