കൊച്ചി: കൊറോണ ബാധിച്ചുള്ള മരണങ്ങളുടെ എണ്ണം കേരളം കുറച്ചു കാണിക്കുകയാണെന്ന് ബിബിസി. ഇന്ത്യയിലെ ബിബിസി ലേഖകന്‍ സൗതിക്ക് ബിശ്വാസ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. കേരളം കൊറോണയെ ഫലപ്രദമായി ചെറുത്തുവെന്ന് റിപ്പോര്‍ട്ട് ചെയ്ത ബിബിസി തന്നെയാണ് കേരളത്തിന്റെ കള്ളക്കളിയും പുറത്തുവിട്ടത്.
ഡോ. അരുണ്‍ മാധവന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഇക്കാര്യം പഠിച്ചതെന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു. ഏഴു പത്രങ്ങളുടെ പ്രാദേശിക പേജുകളും അഞ്ചു ചാനലുകളും ഒരു ദിവസം പോലും വിടാതെ പിന്തുടര്ന്നാണ് മരണക്കണക്ക് ഒളിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി കണ്ടെത്തിയത്. പത്രങ്ങളിലും ചാനലുകളിലും വന്ന വാര്‍ത്തകളും ചരമ വാര്‍ത്തകളും വിശദമായി കുറിച്ചുവച്ചാണ് സംഘം മരണക്കണക്കിലെ പൊരുത്തക്കേടുകള്‍ പുറത്തുകൊണ്ടുവന്നത്, ടൊറന്റോ സര്‍വകലാശാലയിലെ ഡോ. പ്രഭാത് ഝാ പറഞ്ഞു.
വ്യാഴാഴ്ച രാത്രി വരെ 3356 പേര് കൊറോണ ബാധിച്ച് മരിച്ചതായി പഠന സംഘം കണ്ടെത്തി. എന്നാല്‍, സര്‍ക്കാര്‍ കണക്കില്‍ ഇത് 1969 മാത്രം. നൂറുകണക്കിന് കൊറോണ മരണങ്ങള് മറച്ചുവച്ചു, ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. പല മരണങ്ങളും കൊറോണക്കേസില്പ്പെടുത്തിയിട്ടില്ല. മരണത്തിനു തൊട്ടുമുന്‍പു നടത്തിയ പരിശോധനയില്‍ അവര്‍ നെഗറ്റീവായിയെന്നാണ് സര്‍ക്കാര്‍ വാദം, പഠനം പറയുന്നു. തന്റെ ക്ലിനിക്കിലെത്തിയ, 65നും 78നും ഇടയ്ക്കുള്ള മൂന്നു പുരുഷന്മാര് ഒക്ടോബറില്‍ കൊറോണ ബാധിച്ച് മരിച്ചു. ഇതുവരെ ഇത് കണക്കില്‍പ്പെടുത്തിയിട്ടില്ല, ഡോ. അരുണ്‍ മാധവന് ചൂണ്ടിക്കാട്ടുന്നു.
കൊറോണയെ കേരളം പിടിച്ചുകെട്ടിയെന്ന ബിബിസി റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടതു സര്‍ക്കാര്‍ വീമ്പിളക്കി നടന്നിരുന്നു. എന്നാല്‍, മരണം കൂടിയതോടെ’ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നു. ഇതോടെ കള്ളം പുറത്തായി. അതിനു പിന്നാലെയാണ് കേരളം മരണക്കണക്ക് മറച്ചുപിടിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: