വാര്‍ത്തകളില്‍ നിന്ന്:
”ഇന്ന് ലോകപക്ഷാഘാത ദിനം. ഈ ദിനം കടന്നുപോകുമ്പോള്‍ പക്ഷാഘാതം (സ്ട്രോക്ക്) എന്ന മനുഷ്യനെ മരണത്തിലേക്കു തള്ളിവിടുന്ന രോഗത്തെപ്പറ്റി അറിയുകയും സ്ട്രോക്ക് വരാതിരിക്കാനുള്ള ജീവിതരീതി കൈവരിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം.”
‘രോഗത്തെപ്പറ്റി’ ക്കു മുന്പില് ‘പക്ഷാഘാതം എന്ന’ എന്നു ചേര്ത്തിരുന്നെങ്കില് പക്ഷാഘാതം മനുഷ്യനാവുകയില്ലായിരുന്നു! വാക്കുകള്‍ അസ്ഥാനത്താലായുള്ള അപകടം നോക്കുക!
‘സ്ട്രോക്ക്’ എന്ന് ആദ്യം ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ളതിനാല്‍ രണ്ടാമത്തെ ‘സ്ട്രോക്ക്’ ഒഴിവാക്കാമായിരുന്നു. പകരം ‘അത്’ ധാരാളം.
‘സ്ട്രോക്ക് ഉണ്ടായാല്‍ ഒരു നിമിഷംപോലും പാഴാക്കാതെ ഒരു ന്യൂറോളജി സെന്ററില്‍ അടിയന്തരമായി രോഗിയെ എത്തിക്കേണ്ടതാണ്.”
‘ഒരു നിമിഷംപോലും പാഴാക്കാതെ,’ ‘അടിയന്തരമായി’ ഇവയില്‍ ഒന്നുമതി.
”ആ ഉദ്യോഗസ്ഥന് അഴിമതിയുടെ മൂര്‍ത്തീഭാവമാണ്.”
‘മൂര്‍ത്തീഭാവം’ എന്ന പ്രയോഗം തെറ്റ്.
‘മൂര്‍ത്തിമദ്ഭാവം’ ശരി.
”തെറ്റു ചെയ്തവരെ ശിക്ഷിക്കാന്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, അതിനുള്ള ശ്രമങ്ങളെ നിസാരവത്കരിക്കുന്നത് രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക്’ യാതൊരു ഗുണവും ചെയ്യാന്‍ പോകുന്നില്ല.”
നിസാരം തെറ്റ്.
നിസ്സാരം ശരി.
(നിസ്+സാരം).
നിശേഷം, നിശബ്ദത, നിസംശയം എന്നിവയും തെറ്റ്. നിശ്ശേഷം, നിശ്ശബ്ദത, നിസ്സംശയം എന്നിവ ശരി.
ചില വാര്‍ത്തകളുടെ തലക്കെട്ടു വായിച്ചാല്‍ തുടര്‍ന്നു വായിക്കേണ്ടതില്ല! വാക്കുകള്‍ പരമാവധി കുറച്ച് തലക്കെട്ട് ശക്തവും സുന്ദരവുമാക്കണം. അത് വായനക്കാരെ വാര്‍ത്തയിലേക്ക് ആകര്‍ഷിക്കുന്നതുമാകണം. ഇക്കാര്യത്തില്‍ പലരും ഇപ്പോള്‍ വേണ്ടത്ര ശ്രദ്ധിച്ചുകാണുന്നില്ല.
ചില ഉദാഹരണങ്ങള്‍:
”ഇടിമിന്നലില്‍ നാശനഷ്ടം: ഏഴു വീടുകളിലെ വയറിങ് കത്തിനശിച്ചു.”
നാശനഷ്ടം, ഏഴ്, കത്തി എന്നീ വാക്കുകള്‍ ഒഴിവാക്കാം.
”കാട്ടാന നാട്ടിലിറങ്ങി: മാവേലിമറ്റത്ത് വന്‍നാശം വിതച്ചു.”
നാട്ടിലിറങ്ങി, വന്‍ എന്നിവ ഒഴിവാക്കാം.
മുഖപ്രസംഗങ്ങളില്‍നിന്ന്:
”അതുപോലെ കോവിഡാനന്തരകാലത്ത് ചൈനയുമായുള്ള സാമ്പത്തിക വ്യാപാര വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തേണ്ടതും ഇന്ത്യയുടെ വികസനത്തിനും മുന്നേറ്റത്തിനും സുപ്രധാന ഘടകങ്ങ ളിലൊന്നുമാണ്.”
വികലമായ വാക്യം. എന്താണാവോ എഴുതിയ ആള് ഉദ്ദേശിച്ചത്?
”അതിരുകടന്ന ഉപഭോഗാസക്തി, വികസനത്തിന്റെ പേരില്‍ പരിസ്ഥിതി നശീകരണം എന്നിവയെ എതിര്‍ക്കുകയും ഒരുമയും സംവാദാത്മകതയും സമാധാനവുമാണു വേണ്ടതെന്നും ലോകജനസംഖ്യയിലെ ആറിലൊന്നോളം വരുന്ന കേത്താലിക്കാ വിശ്വാസികളോട് ആഹ്വാനം ചെയ്യുക മാത്രമല്ല ലോകത്തിനാകെ സന്ദേശം നല്‍കുക കൂടിയാണ് മാര്‍പാപ്പ ചെയ്തത്.”
എഴുത്തുകാരന് വാക്യഘടനയും വായനക്കാരും പ്രശ്നമല്ല!
”ഭരണസിരാകേന്ദ്രത്തിലിരുന്ന് ഇത്തരം വഴിവിട്ട കാര്യങ്ങള്‍ ചെയ്യുന്നതും അതിനുള്ള സാഹചര്യം ഒരുക്കുന്നതും ചെയ്യുന്നതും ഒന്നുപോലെ കുറ്റകരമാണ്.”
രണ്ടാമത്തെ ‘ചെയ്യുന്നതും’ ഒഴിവാക്കാമായിരുന്നു.
പിന്കുറിപ്പ്:
സംസ്ഥാനത്തെ പുതിയൊരു പദ്ധതിയുടെ പേര്: ”ഇറങ്ങി വാ മക്കളേ”
പദ്ധതി മുടങ്ങിയാല്‍ പേര് ഇങ്ങനെയാക്കാം:
”കയറിപ്പോ മക്കളേ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: