മലയാള സിനിമയിലെ ബാലതാരങ്ങളില്‍ ശ്രദ്ധേയയായ ഒരു താരമാണ് ജുനൈദ അജീദ്. എറണാകുളം ഇടപ്പള്ളി സ്വദേശിയാണ് ഈ കൊച്ചു മിടുക്കി.
ഷാജി കൈലാസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ആഗസ്റ് 15 ആണ് ജുനൈദ അഭിനയിച്ച ആദ്യ സിനിമ. നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രമായ മുഖ്യമന്ത്രിയുടെ ചെറുമകളുടെ വേഷമായിരുന്നു അതില്‍. ബോബന് സാമുവല്‍ സംവിധാനം ചെയ്ത ജയസൂര്യ ചിത്രമായ ജനപ്രിയനില്‍ ടൈറ്റില്‍ സോങ്ങിലും അഭിനയിച്ചു. ഈ തിരക്കിനിടയില്‍ എന്ന സിനിമയില്‍ മുക്തയുടെ കഥാപാത്രത്തിന്റെ മകളായി അഭിനയിക്കാനുള്ള അവസരവും ലഭിച്ചു. ലൗ ലാന്‍ഡ് ആണ് മറ്റൊരു ചിത്രം.
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത സ്നേഹവീട് എന്ന ചിത്രത്തില്‍ ബിജുമേനോന്റെയും ലെന യുടെയും കഥാപാത്രങ്ങളുടെ രണ്ടു മക്കളില്‍ ഇളയകുട്ടിയായും അഭിനയിച്ചു. ഗോഡ്സ് ഓണ്‍ കണ്ട്രിയില് ശ്രീനിവാസന്റെയും അപ്പോത്തിക്കിരിയില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ രണ്ടു മക്കളില്‍ ഇളയമകളായും അഭിനയിച്ചു. പരീത് പണ്ടാരി എന്ന ചിത്രത്തിലും നല്ലൊരു കഥാപാത്രം ലഭിച്ചു. ജയറാം, പൃഥ്വിരാജ് എന്നീ താരങ്ങളോടൊപ്പം പരസ്യചിത്രങ്ങളിലും അഭിനയിച്ച് തിളങ്ങി.
ഇരുപതിലധികം പരസ്യചിത്രങ്ങളില്‍ ജുനൈദ അഭിനയിച്ചിട്ടുണ്ട്. സ്നേഹവീട്, അപ്പോത്തിക്കിരി, ഗോഡ്സ് ഓണ്‍ കണ്ട്രി തുടങ്ങിയ ചിത്രങ്ങളില്‍ സ്വന്തമായി ഡബ്ബ് ചെയ്തു. കുറച്ചുകാലം കുടുംബത്തോടൊപ്പം ഗള്‍ഫിലായിരുന്നത് കാരണം ചില നല്ല സിനിമകളില്‍ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. ഇപ്പോള്‍ എറണാകുളത്താണ് സ്ഥിരതാമസം. അഭിനയത്തോടൊപ്പം പഠനത്തിലും മിടുക്കിയാണ് ജുനൈദ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ സംസാരിക്കാനറിയാം. പെയിന്റിങ്, ക്രാഫ്റ്റ്സ് വര്‍ക്ക്, ഡാന്‍സ്, സംഗീതം എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
ഏതുതരം കഥാപാത്രങ്ങളും ഈ കൊച്ചു താരത്തില്‍ ഭദ്രമാണ്. സിനിമയിലും പരസ്യചിത്രത്തിലും കൂടുതല്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് ജുനൈദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: