കല്ലിന് മേല്‍ കല്ല് അവശേഷിക്കാതെ തകര്‍ന്ന ജീവിതത്തില്‍ നിന്ന് പ്രതീക്ഷയുടെ പച്ചത്തുരുത്തിലേക്ക് പുനര്‍ജന്മം നേടുകയാണിവര്‍. തൃശൂര്‍ ചെറുതുരുത്തിക്ക് സമീപം ദേശമംഗലം കൊറ്റമ്പത്തൂരിലെ പതിനേഴ് കുടംുബങ്ങള്‍.
മാനവസേവയുടെ ഇതിഹാസഗാഥകള്‍ തീര്‍ക്കുന്ന സേവാഭാരതിയുടെ കരുതലാണ് ഈ കുടുംബങ്ങള്‍ക്ക് ജീവിതമാകുന്നത്. 2018 ആഗസ്റ്റിലെ ആ കറുത്തദിനം കൊറ്റമ്പത്തൂര്‍ നിവാസികള്‍ മറക്കാന്‍ ശ്രമിക്കുകയാണ്. തകര്‍ത്തുപെയ്ത പേമാരിയും ആര്‍ത്തലച്ചെത്തിയ മലവെള്ളപ്പാച്ചിലും തകര്‍ത്തെറിഞ്ഞത് നിസ്സഹായരായ 37 കുടുംബങ്ങളെയായിരുന്നു. ദുര്‍ബ്ബലമായ വീടുകള്‍ പൂര്‍ണമായും നിലംപൊത്തി. വിലപ്പെട്ട നാല് ജീവനുകള്‍ നഷ്ടമായി. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് മോചിതരാവാന്‍ തന്നെ ദിവസങ്ങള്‍ വേണ്ടിവന്നു അവര്‍ക്ക്.
ദുരിതാശ്വാസക്യാമ്പിലെ അരണ്ട വെളിച്ചത്തില്‍ ജീവിതത്തിന്റെ പ്രതീക്ഷകളത്രയും അവസാനിച്ചെന്ന് കരുതി മുഖം കുനിച്ചിരുന്നു അവര്‍. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പതിവ് സന്ദര്‍ശനങ്ങളും ഉപചാരവാക്കുകളും കഴിഞ്ഞതോടെ ഇനിയെന്ത് എന്ന വലിയ ചോദ്യം മാത്രം അവശേഷിച്ചു. വൃദ്ധരും കുട്ടികളും ഉള്‍പ്പെടെ മുപ്പത്തിയേഴ് കുടുംബങ്ങളിലെ നൂറിലേറെപ്പേര്‍.
അവര്‍ക്ക് പോകാനിടമുണ്ടായിരുന്നില്ല. തകര്‍ന്നടിഞ്ഞുപോയ വീടുകളുടെ സ്ഥാനത്ത് അവശേഷിച്ചത് മണ്‍കൂനകള്‍ മാത്രം. അവിടെ വീണ്ടും വീട് കെട്ടി താമസിക്കാന്‍ കഴിയില്ലെന്ന് ജിയോളജി വകുപ്പിന്റെ മുന്നറിയിപ്പ്. ഭൂകമ്പസാധ്യത പ്രദേശമായതിനാല്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായേക്കാം. ജീവിച്ചിരിക്കുക എന്നത് മാത്രമാണ് അവരെ സംബന്ധിച്ച് അവശേഷിച്ചിരുന്ന ഒരേ ഒരു കാര്യം.
കൂരിരുട്ട് നിറഞ്ഞ ആ ജീവിതങ്ങളിലേക്ക് ഈ ഘട്ടത്തില്‍ സേവാഭാരതിയുടെ പ്രവര്‍ത്തകരെത്തിയത് പ്രതീക്ഷയുടെ പുതിയ കൈത്തിരിനാളവുമായിട്ടായിരുന്നു. മുപ്പത്തിയേഴ് കുടുംബങ്ങള്‍ക്കും പുനരധിവാസമൊരുക്കാന്‍ തയ്യാറാണെന്ന് സേവാഭാരതി കേരള ഘടകം അവരെ അറിയിച്ചു.
വരണ്ടുണങ്ങിയ മരുഭൂമിയില്‍ പ്രതീക്ഷയുടെ പുതുമഴപ്പെയ്‌ത്തായിരുന്നു സേവാഭാരതിയുടെ ഇടപെടല്‍. അപ്പോഴും ചില കടമ്പകളുണ്ടായിരുന്നു. ഉപാധികളില്ലാത്ത മാനവസേവയെന്ന ഉദാത്ത ലക്ഷ്യത്തെ മനസ്സിലാക്കുന്നതില്‍ ചിലര്‍ക്ക് വീഴ്ച പറ്റി. എന്തും രാഷ്‌ട്രീയത്തിന്റെ കണ്ണടയിലൂടെ മാത്രം കാണാന്‍ ശീലിച്ച ചിലര്‍ അതിലിടപെട്ടു. സര്‍ക്കാര്‍ തലത്തില്‍ തന്നെ വീടുകള്‍ പണിത് നല്‍കുമെന്നറിയിച്ചു.
പതിനേഴ് കുടുംബങ്ങള്‍ സേവാഭാരതിയുടെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ തയ്യാറായി. സമ്മതമറിയിച്ചു. അങ്ങനെയാണ് പുനര്‍ജനി എന്ന പേരില്‍ ആ ബൃഹദ് പദ്ധതിക്ക് തുടക്കമായത്.
എഴുപത്തെട്ട് സെന്റ് സ്ഥലം സ്വന്തമായി വാങ്ങി. 57,15,350 രൂപയാണ് സ്ഥലം വാങ്ങുന്നതിന് ചെലവായത്. പതിനേഴ് കുടുംബങ്ങളില്‍ ഓരോ കുടുംബത്തിനും നാല് സെന്റ് ഭൂമി വീതം നല്‍കി. ബാക്കി സ്ഥലം പൊതു ആവശ്യത്തിനായി ഒഴിച്ചിട്ടു. മാസങ്ങള്‍ക്കുളളില്‍ പതിനേഴ് വീടുകളും ഉയര്‍ന്നു തുടങ്ങി.
സ്വയംസേവകരായ കെ.യു. ഷാജിയും പ്രവീണുമാണ് ജോലികള്‍ ഏറ്റെടുത്തത്. പ്രൊഫഷണല്‍ ബില്‍ഡര്‍മാരായ ഇവര്‍ ഒരു രൂപ പോലും ലാഭമെടുക്കാതെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഒരേ മാതൃകയില്‍ 750 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പതിനേഴ് വീടുകളും പൂര്‍ത്തിയാക്കിയിട്ടുള്ളത്. വീടുകളുടെ നിര്‍മ്മാണത്തിന് മാത്രം 1,51,99,200 രൂപചെലവായി.
സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ലഭിച്ച ഉദാരമായ സഹായങ്ങള്‍ നിമിത്തമാണ് നിശ്ചിത സമയത്തിനകം പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് സേവാഭാരതി സംസ്ഥാന സംയോജക് യു.എന്‍.ഹരിദാസ്, ജനറല്‍ സെക്രട്ടറി ഡി.വിജയന്‍ എന്നിവര്‍ പറയുന്നു.
വീട് പണിക്കാവശ്യമായ സാമഗ്രികള്‍ സംഭാവന നല്‍കാന്‍ പലരും തയ്യാറായിരുന്നു. എന്നാല്‍ പലതരം മെറ്റീരിയല്‍ ഉപയോഗിക്കുന്നത് നിര്‍മാണത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്ന് ആശങ്കയുള്ളതിനാല്‍ വേണ്ടെന്ന് തീരുമാനിച്ചു. ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങള്‍ മാത്രമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.
ശ്രമദാനമായി നിര്‍മാണ ജോലികള്‍ ചെയ്യാന്‍ തയ്യാറായും ഒട്ടേറെപ്പേര്‍ മുന്നോട്ടുവന്നു. അവരുടെ വലിയ മനസ്സിന് നന്ദി പറഞ്ഞുകൊണ്ട് തന്നെ അത്തരം ശ്രമങ്ങള്‍ വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. നിര്‍മ്മാണത്തിന്റെ ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല.
നവംബര്‍ 17 ന് പതിനേഴ് കുടുംബങ്ങള്‍ സുരക്ഷയുടെ, ആത്മാഭിമാനത്തിന്റെ, കരുതലിന്റെ മേലാപ്പിന് കീഴിലേക്ക് ഗൃഹപ്രവേശം നടത്തുകയാണ്. ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ് മുഖ്യാതിഥിയായി ഓണ്‍ലൈന്‍ വഴി ചടങ്ങില്‍ പങ്കെടുക്കും. പതിനേഴ് വിശിഷ്ട വ്യക്തികള്‍ വീട്ടുകാര്‍ക്ക് താക്കോല്‍ കൈമാറും.
വീട് പണിത് നല്‍കിയതുകൊണ്ട് മാത്രം തങ്ങളുടെ പ്രവര്‍ത്തനത്തിന് വിരാമമായി എന്ന് സേവാഭാരതി കരുതുന്നില്ല. കൊറ്റമ്പത്തൂര്‍ ഗ്രാമത്തെയാകെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗ്രാമവികാസ പദ്ധതികളാണ് രണ്ടാം ഘട്ടം എന്ന നിലയില്‍ ആവിഷ്‌കരിക്കുന്നത്. സ്ത്രീകളുടെ കൂട്ടായ്മകള്‍, യുവാക്കള്‍ക്കായി തൊഴില്‍ സംരംഭങ്ങള്‍, വിദ്യാഭ്യാസ,സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയും തുടര്‍പദ്ധതിയുടെ ഭാഗമാണ്.
പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കിയ പുനര്‍ജനി പദ്ധതി വഴി സേവാഭാരതി ആയിരത്തോളം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ്. കൊറ്റമ്പത്തൂരിലെ പതിനേഴ് വീടുകള്‍ ഉള്‍പ്പെടെ 64 വീടുകളാണ് ഇനി കൈമാറാന്‍ അവശേഷിക്കുന്നത്. സിസംബറിന് മുന്‍പായി ഈ വീടുകളും കൈമാറും. ഇതോടെ പുനര്‍ജനി പദ്ധതിക്ക് സമാപനമാകും. വീടില്ലാത്തവര്‍ക്ക് വേണ്ടി സേവാഭാരതി സംസ്ഥാനത്ത് നടപ്പാക്കി വരുന്ന തലചായ്‌ക്കാനൊരിടം പദ്ധതി തുടരും. ഇതിനോടകം 500 വീടുകള്‍ ഈ പദ്ധതിയു ടെ ഭാഗമായി നിര്‍മിച്ച് നല്‍കാനായിട്ടുണ്ടെന്ന് യു.എന്‍.ഹരിദാസ് പറഞ്ഞു. സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍പ്പെടാത്ത അര്‍ഹതപ്പെട്ടയാളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. തലചായ്‌ക്കാനൊരിടം പദ്ധതി തുടര്‍ന്നുമുണ്ടാകും.
ഭരണകൂടങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും പരാജയപ്പെട്ടിടത്താണ് സേവാഭാരതിയുടെ ദൗത്യം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നത്. പ്രളയ പുനരധിവാസത്തിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ പലതും അഴിമതികള്‍കൊണ്ട് വിവാദങ്ങളില്‍ നിറയുമ്പോള്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ ആയിരങ്ങള്‍ക്ക് പ്രതീക്ഷയും തണലുമാവുകയാണ്.
അങ്ങേയറ്റത്തെ സുതാര്യതയും കണക്കുകളിലെ കണിശതയുമാണ് സേവാഭാരതിയുടെ പ്രവര്‍ത്തനത്തിന് മാറ്റുകൂട്ടുന്ന ഘടകം. സമാജ സ്‌നേഹികള്‍ നല്‍കുന്ന ഓരോ ചില്ലിക്കാശിനും കൃത്യമായ കണക്കുകള്‍ സൂക്ഷിച്ചിരിക്കുന്നു. ഈ കൃത്യതയും കണിശതയുമാണ് ഏറ്റടുക്കുന്ന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് കരുത്താകുന്നതും. ആ കരുത്തിന്റെ തണലില്‍ കൊറ്റമ്പത്തൂര്‍ ഉണരുകയാണ് പുതിയ സൂര്യോദയങ്ങളിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: