ന്യൂയോർക്ക്∙ കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 25 വർഷം ജയിലഴികൾക്കുള്ളിൽ കഴിയേണ്ടി വന്ന വിമുക്ത ഭടൻ ഏണസ്റ്റ് കെൻഡ്രിക്കിനെ (62) നിരപരാധിയാണെന്നു കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ചു. വർഷങ്ങളായി ഇയാളുടെ കുടുംബാംഗങ്ങൾ ഏണസ്റ്റ് കുറ്റവാളിയല്ലെന്നു തെളിയിക്കാനുളള ശ്രമത്തിലായിരുന്നു. നവംബർ 19 വ്യാഴാഴ്ച ആണു ക്വീൻസ് കോടതി ഏണസ്റ്റ് കുറ്റക്കാരനല്ലെന്നു കണ്ടെത്തി വിട്ടയക്കാൻ ഉത്തരവിട്ടത്.
1994ൽ 70 വയസുള്ള വൃദ്ധയെ പിന്നിൽ നിന്നു കത്തികൊണ്ടു കുത്തി കൊലപ്പെടുത്തിയ ശേഷം കൈയിലുണ്ടായിരുന്ന പഴ്സ് കവർന്നു രക്ഷപെട്ടെന്നായിരുന്നു ഏണസ്റ്റിനെതിരെ ചാർജ് ചെയ്ത കേസ്. കൃത്യം നടന്ന അപാർട്മെന്റിൽ നിന്നു 100 മീറ്റർ അകലെയുള്ള അപാർട്മെന്റിന്റെ മൂന്നാം നിലയിൽ നിന്നുളള പത്തു വയസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഏണസ്റ്റിനെ കേസിൽ പ്രതി ചേർക്കുന്നത്.
തിരിച്ചറിയൽ പരേഡിൽ ആദ്യം മറ്റൊരാളെയാണു ചൂണ്ടിക്കാട്ടിയതെങ്കിലും പിന്നീട് ഏണസ്റ്റിനെ ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇയാളാണു കൃത്യം നിർവഹിച്ചതെന്നു പറയുക കൂടി ചെയ്തതിെന തുടർന്ന് അറസ്റ്റ് ചെയ്തു കേസെടുത്തു. ഏണസ്റ്റിനെ പോലെ ഒരാൾ പഴ്സുമായി ഓടുന്നതു കണ്ടതായി മറ്റൊരു സാക്ഷി മൊഴി നൽകിയിരുന്നു. ഇപ്പോൾ പ്രായപൂർത്തിയായ അന്നത്തെ പത്തുവയസുകാരൻ , അന്നു തനിക്ക് പ്രതിയെ ശരിക്കു മനസിലാക്കാൻ കഴിഞ്ഞില്ലെന്നു പറയുകയും കൊല്ലപ്പെട്ട വൃദ്ധയിൽ നിന്നും ലഭിച്ച തെളിവുകൾ ഏണസ്റ്റിന്റെ ഡിഎൻഎയുമായി സാമ്യം ഇല്ലെന്നു കണ്ടെത്തിയതുമാണ് കുറ്റവിമുക്തനാക്കാൻ കോടതി തീരുമാനമെടുക്കാൻ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: