ബെംഗളൂരു : ബെംഗളുരു വര്‍ഗീയ കലാപക്കേസില്‍ എന്‍ഐഎ നടപടി കടുപ്പിക്കുന്നു. കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവും മുന്‍ മേയറുമായ സമ്പത്ത് രാജിനെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും. എന്‍ഐഎ സംഘം ഇതിനായി ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കി കഴിഞ്ഞു. നിലവില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ് സമ്പത്ത്.
കോണ്‍ഗ്രസ് നേതാവിന്റെ മരുമകന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് ബെംഗളൂരുവില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ആഗസ്റ്റ് 11നാണ് കേസിനാസ്പദമായ സംഭവം. കലാപം ആസൂത്രിതമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എന്‍ഐഎ കസറ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
കേസില്‍ ഇതുവരെ 293 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ആദ്യം സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം ആരംഭിച്ചത്. അതിനുശേഷം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എന്‍ഐഎയും അന്വേഷണം ഏറ്റെടുക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ദിവസം മുന്‍പ് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ ഉള്‍പ്പെടെ 43 ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഇരു പാര്‍ട്ടികളുടെയും ഓഫീസുകളില്‍ നിന്നും നിയമവിരുദ്ധ രേഖകളും, ആയുധങ്ങളും കണ്ടെടുത്തിരുന്നു. കൂടുതല്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ഇപ്പോള്‍ സമ്പത്തിനെതിരെ അന്വേഷണം നടത്താനായി ഒരുങ്ങുന്നത്.
ഡി.ജെ ഹള്ളിയിലും, കെ.ജി ഹള്ളിയിലും ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 17 നാണ് സമ്പത്ത് രാജിനെ സിസിബി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കസ്റ്റഡിയില്‍ വിട്ട സമ്പത്തിനെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: