ഉറക്കം വരാത്ത രാത്രികളിലെല്ലാം ഹരിശ്ചന്ദ്രന് വിവിധ ചിന്തകളുമായി കലങ്ങിയ മനസ്സോടെ കഴിഞ്ഞു. താന്‍ സര്‍വസ്വവും ദാനം ചെയ്തിട്ടും വിശ്വാമിത്ര മഹര്‍ഷി തന്നോട് പകവീട്ടും പോലെ പെരുമാറിക്കൊണ്ടിരുന്നതെന്താണ്? മഹര്‍ഷിക്ക് രാജദാനം നടത്തി ദാനദക്ഷിണയ്ക്കായി ഭാര്യയേയും മകനേയും വിറ്റു.
എന്നിട്ടും തന്നെ അടിമയായി വാങ്ങി ഒരു ചണ്ഡാളന് ദാസനായി വിറ്റു. താന്‍ മഹര്‍ഷിയോട് കെഞ്ചി അപേക്ഷിച്ചതാണ്. ചണ്ഡാളദാസ്യം വേദനാജനകമാണെന്ന് അറിയിച്ചതാണ്. എന്നിട്ടും മഹര്‍ഷി അതു തന്നെ ചെയ്തു. എന്തായിരിക്കും കാരണം?
മഹര്‍ഷിമാരുടെ ശാപം പോലും അനുഗ്രഹമാണെന്നും ശത്രുതപോലും മൈത്രിയാണെന്നും പൂര്‍വഗുരുക്കന്മാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഇതും പരീക്ഷണങ്ങളായിരിക്കുമോ? അതോ തന്റെ കര്‍മദോഷമോ? രാജ്യം ദാനം ചെയ്യാന്‍ തനിക്ക് അവകാശമില്ലേ? ഭാര്യയേയും പുത്രനേയും വിറ്റതും പാപമല്ലേ?
കര്‍മഫലങ്ങളെല്ലാം അനുഭവിച്ചു തീര്‍ത്തല്ലേ പറ്റൂ. അഞ്ചാം ദിവസം ചണ്ഡാലയജമാനന് ഹരിശ്ചന്ദ്രനെ ചങ്ങലയില്‍ നിന്നും മോചിപ്പിച്ചു. കാശിക്ക് തെക്കു ഭാഗത്തുളള തന്റെ ഉടമസ്ഥതയിലുള്ള ശ്മശാനത്തില്‍ പോയി കാവല്‍ നില്ക്കാന് നിയോഗിച്ചു. ശ്മശാനത്തില്‍ ശവശരീരങ്ങള്‍ ദഹിപ്പിക്കാന്‍ കൊണ്ടു വരുന്നതില്‍ നിന്നെല്ലാം ശ്മശാനക്കൂലി കണക്കു പറഞ്ഞു മേടിക്കണം.
പാതിവെന്ത ശവശരീരങ്ങളില്‍ എല്ലുകള്‍ നുറുങ്ങുന്ന ഘോരശബ്ദവും അവയുടെ ദുര്‍ഗന്ധവും കുറുക്കനും കാക്കകളും ചെന്നായകളുമെല്ലാം കടിപിടി കൂടുന്ന ഒച്ചയും എല്ലാമായി ഭയപ്പെടുത്തും വിധമുള്ളതായിരുന്നു ആ ചുടുകാട്.
മേലാകെ ചുടല ഭസ്മമാണ്. പലരും മൃതദേഹത്തില്‍ വായ്ക്കരിയിടുന്നതില് നിന്ന് ഊര്‍ന്നു പോകുന്ന അരിയെടുത്ത് ചുടല വിറകെടുത്ത് അടുപ്പു കത്തിച്ച് ആഹാരമുണ്ടാക്കി കഴിക്കും.
രാപകല്‍ വ്യത്യാസമില്ലാതെ ആ ചുടലക്കാട്ടില് തന്നെ താമസിച്ച് ഒരു വര്‍ഷക്കാലം കഴിച്ചു കൂട്ടി.
ഭാര്യയും പുത്രനും എങ്ങനെ കഴിയുന്നുണ്ടാകുമെന്ന് ഇടയ്ക്കിടെ ചിന്തിക്കും. അവര്‍ ആരോരും ആശ്രയമില്ലാതെ കഷ്ടപ്പെടുകയായിരിക്കും. അവര്‍ എന്നെ ഓര്‍ക്കുന്നുണ്ടാകുമോ? അതിന് അവര്‍ക്ക് അവസരം ലഭിക്കുമോ? അവര്‍ക്ക് എന്തു സംഭവിച്ചു എന്നൊന്നും അറിയുന്നില്ലല്ലോ ദൈവമേ! ഇങ്ങനെ വിവിധ ചിന്തകളാല്‍ നൊമ്പരപ്പെട്ട് കാലം തള്ളി നീക്കി.
മഹാറാണിയും കുമാരനും. അവര്‍ എവിടെയാണെന്നു പോലും അറിയില്ല. കളിപ്രായം വിട്ടു മാറാത്ത കുട്ടിയാണ്. അവന്റെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ പോലും സഹിക്കാത്തവനാണ് താന്‍.
ഹരിശ്ചന്ദ്രന് ആലോചിച്ചതു പോലെ കാലില്‍ ദര്‍ഭപ്പുല്ലുകളുടെ കൂര്‍ത്ത മുനകളില്‍ ചവിട്ടി കാലുനൊന്തും ചമതയും വിറകും ശേഖരിക്കാന്‍ നടക്കുകയായിരുന്നു ഹരിശ്ചന്ദ്ര പുത്രന് രോഹിതന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: