കൊല്ലം: ആട്ടോറിക്ഷ മോഷ്ടിക്കപ്പെട്ടെന്ന പരാതിയില്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ഉടമസ്ഥന്. കൊല്ലം ട്രാഫിക്ക് പോലീസിലും വെസ്റ്റ് പോലീസിലും നല്കിയ പരാതിയിന്മേല് നടപടി ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ട് സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്ന് ആട്ടോയുടെ ഉടമസ്ഥന് കൂടിയായ ശക്തികുളങ്ങര സ്വദേശി എയ്ഡന്‍ ഫിലിപ്പ് പറയുന്നു.
എയ്ഡന്‍ ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള ആട്ടോ ഒരുവര്‍ഷം മുമ്പ് 2019 നവംബര്‍ 7നാണ് കളക്ട്രേറ്റിന്റെ പരിസരത്തുനിന്ന് മോഷ്ടിക്കപ്പെട്ടത്. മറ്റൊരു വിഷയത്തില്‍ കളക്ടറിനു മുമ്പാകെ പരാതി കൊടുക്കാനെത്തിയ എയ്ഡന്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരചികിത്സ തേടേണ്ടിവന്നു. ഓടിച്ചുവന്ന സ്വന്തം ആട്ടോ കളക്ടറേറ്റുവളപ്പില് ഇട്ടശേഷം ഇദ്ദേഹം ആശുപത്രിയിലെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം ആട്ടോ എടുക്കാനെത്തിയപ്പോഴാണ് വണ്ടി മോഷ്ടിക്കപ്പെട്ടെന്ന് എയ്ഡന്‍ തിരിച്ചറിയുന്നത്.
ഉടന്‍ തന്നെ ട്രാഫിക് പോലീസിലും പിന്നീട വെസ്റ്റ് പോലീസിലും പരാതി നല്‍കിയെങ്കിലും ഒരുവര്‍ഷം ആയിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് 2020 ഫെബ്രുവരി 10ന് എയ്ഡന്‍ കമ്മീഷണര്‍ ടി. നാരായണനു നല്കിയ പരാതിയില്‍ പറയുന്നു. ആട്ടോ ഇന്‍ഷുര്‍ ചെയ്തിട്ടുള്ളതിനാല്‍ ഇന്‍ഷുറന്‍സ് തുക കിട്ടുന്നതിന് വേണ്ട നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികാരികള്‍ ചെവിക്കൊള്ളുന്നില്ല. ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട അവസ്ഥയില്‍ ആകെ ലഭിക്കുന്ന പെന്ഷന് തുകയും കേസിനായി ചെലവഴിക്കേണ്ട സാഹചര്യമാണുള്ളതെന്ന് എയ്ഡന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ മാസം ഒമ്പതു കഴിഞ്ഞിട്ടും പോലീസ് കമ്മീഷണറുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ഇനി പരാതിയുമായി ആരെ സമീപിക്കണമെന്നറിയാതെ വിഷമിക്കുകയാണ് ഈ വൃദ്ധന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: