കൊല്ലം: സുലോചന ടീച്ചറുടെ മകന് കച്ചേരിക്കാര്‍ക്ക് പണ്ടേ പ്രിയങ്കരനാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ചങ്കിനകത്ത് സ്വന്തം പോലെ കൊണ്ടുനടക്കുന്ന സ്നേഹമാണ് എം.എസ്. ലാല്‍ എന്ന എന്‍ഡിഎ സ്ഥാനാര്‍ഥി. കോര്‍പ്പറേഷനിലെ നാല്പത്തിയൊമ്പതാം ഡിവിഷനായ കച്ചേരിയിലാകെ ഇപ്പോള്‍ ലാലേട്ടന് തരംഗമാണെന്നത് വെറും വാക്കല്ലെന്ന് നാട് പറയും.
കോട്ടമുക്കിലെ ബീവറേജസ് ഔട്ട്ലെറ്റിനെതിരായ സമരത്തെ അറിയുന്നവര്‍ ലാലിലെ പോരാളിയെ സമ്മതിക്കും. കുട്ടിക്കാലം മുതല്‍ സാധാരണക്കാരനോടൊപ്പം നിലകൊണ്ട ലാല്‍ ഡിവിഷനെ അസ്വസ്ഥമാക്കിയ കോട്ടമുക്കിലെ ബിവറേജസ് ഔട്ട്ലെറ്റ് അടച്ചുപൂട്ടിക്കാനുള്ള നിരന്തരസമരത്തിന്റെ ചാലകശക്തിയായിരുന്നു.
അഭിനയം വശമില്ലാത്ത രാഷ്ട്രീയക്കാരന്റെ കൂട്ടത്തില്‍ ആദ്യം എഴുതിച്ചേര്‍ക്കാവുന്ന പേരാണ് എം.എസ്. ലാലിന്റെതെന്നത് ഇന്നാട്ടുകാരുടെ അനുഭവമാണ്. നാലുപതിറ്റാണ്ടുകളായി പൊതുരംഗത്തുണ്ട് ലാല്‍. വിയര്‍ക്കാതെ ജീവിക്കാനാകില്ലെന്ന് തന്നോട് തന്നെ ശഠിച്ച ഒരു സാധാരണക്കാരന്. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ അത്യധ്വാനം ചെയ്യുന്നവന്.
രാഷ്ട്രീയം തൊഴിലാക്കി കോടികളുണ്ടാക്കിയവരുടെ കൂട്ടത്തില്‍ വേറിട്ടൊരാള്‍. ആവശ്യക്കാര്‍ക്ക് ലാല്‍ വിളിപ്പുറത്തുണ്ട്. ഏത് രാത്രിയിലും ആര്‍ക്ക് വേണ്ടിയും ഓടിയെത്തുന്ന ലാലിന് കച്ചേരിക്കാരുടെ മനസ്സില്‍ എതിരില്ല. ആ സ്നേഹത്തിന് കൊടിയില്ല, മതമില്ല…..
കച്ചേരി ഡിവിഷന് കഴിഞ്ഞതവണ 117 വോട്ടിനാണ് ബിജെപിക്ക് നഷ്ടമായത്. ബിജെപി ജില്ലാ സെക്രട്ടറി ശശികലാറാവുവായിരുന്നു അന്ന് മത്സരിച്ചത്. അന്നും ലാലായിരുന്നു കരുത്ത്. ഓരോ വീടും അവിടെയുള്ള അംഗങ്ങളും കാണാപാഠമാണ് ലാലിന്.
ലാലിന്റെ അമ്മ അക്ഷരം പഠിപ്പിച്ചവരാണ് നാട്ടുകാരിലേറെയും. സുലോചനടീച്ചറുടെ മകനോട് അവര്‍ക്കുള്ള ആദരവ് കലര്‍ന്ന വാത്സല്യമാണ്. ട്യൂഷന് ടീച്ചറായിരുന്നു അവര്‍. അമ്മയുടെ ഓര്‍മയില്‍ ലാലിത്ര കാലം പൊരുതിയത് നാടിന് വേണ്ടിയാണെന്ന് കച്ചേരിക്കാര്‍ക്ക് അറിയാം.
ഇത്തവണ വിജയത്തില്‍ കുറഞ്ഞ ഒരുലക്ഷ്യവും ലാലിനും പാര്‍ട്ടിക്കുമില്ല. സഹപ്രവര്‍ത്തകരുമായി ഇഴുകിച്ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റെത്. പോസ്റ്റര്‍ ഒട്ടിക്കാനും ചുമരെഴുതാനും എല്ലാം അദ്ദേഹവുമുണ്ട്. രാവിലെ 6.30 മുതല്‍ പ്രചാരണം ആരംഭിക്കും. ഭവനസന്ദര്‍ശനവും വോട്ടഭ്യര്‍ഥനയും കുടുംബയോഗവും അവലോകനങ്ങളുമായി രാത്രി വരെ സജീവമാണ് ബിജെപി സ്ഥാനാര്‍ഥി.
പേപ്പര്‍ സ്ക്രാപ്പ് ഇടപാടിലൂടെ ഉപജീവനം തേടുന്ന എം.എസ്. ലാല്‍ ഹൈസ്കൂള്‍ ജംഗ്ഷന് ടിഡി നഗറില്‍ ദേവിനിവാസിലാണ് താമസം. ഭാര്യ ലതികാദേവിയും മക്കളായ നന്ദലാലും അനന്തലാലും മികച്ച പിന്തുണയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: