ന്യൂഡല്‍ഹി: എം കെ അളഗിരിയുടെ അടുപ്പക്കാരനായിരുന്ന കെ പി രാമലിംഗം ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് അദ്ദേഹം ബിജെപിയിലെത്തിയത്. ബിജെപിയില്‍ ചേരാനുള്ള തന്റെ ആലോചനയെക്കുറിച്ച് നേരത്തേ അളഗിരിയെ അറിയിച്ചിരുന്നതായി രാമലിംഗം പറഞ്ഞു. തനിക്ക് എം കെ അളഗിരിയുമായി നല്ല അടുപ്പമുണ്ട്. അദ്ദേഹത്തെ ബിജെപിയില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും രാമലിംഗം പറഞ്ഞു.
തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിയുമായി രാമലിംഗം നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത് ഷായെ കാണാനും സമയം ചോദിച്ചിട്ടുണ്ട്. കരുണാനിധിക്കുശേഷം മറ്റാരെയും ഡിഎംകെ അധ്യക്ഷനായി അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് പാര്‍ട്ടിവിടാന്‍ തീരുമാനിച്ചത്.
എട്ടുമാസം ഇടവേള എടുത്തശേഷമാണ് ഇപ്പോള്‍ ഈ നീക്കം നടത്തിയത്. രാജ്യത്തെ സംരക്ഷിക്കാനും സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്താനും കഴിയുന്ന നേതാക്കളുള്ള പാര്‍ട്ടിയില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി ടി രവിയുടെ സാന്നിധ്യത്തിലാണ് രാമലിംഗം ബിജെപി അംഗത്വം സ്വീകരിച്ചത്. ഈ വര്‍ഷം ഡിഎംകെയില്‍നിന്ന് ബിജെപിയില്‍ എത്തിയ മൂന്നാമത്തെ നേതാവാണ് രാമലിംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: