കൊല്ലം: പദവിക്ക് നിരക്കാത്തതരത്തില്‍ പെരുമാറുകയും അഴിമതി നടത്തുകയും ചെയ്ത കരുനാഗപ്പള്ളി മുന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ അടിയന്തരമായി അച്ചടക്കനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശകമ്മീഷന് ഉത്തരവ്.
ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കാണ് ഉത്തരവ് നല്‍കിയത്. എസിപിക്ക് കൂട്ടുനിന്ന അഭിഭാഷകനും വക്കീല്‍ ഗുമസ്തനുമെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷന് അംഗം വി.കെ. ബീനാകുമാരി കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി.
ഉത്തരവ് ഒരു മാസത്തിനകം നടപ്പാക്കണം. കരുനാഗപ്പള്ളി പടനായര് കുളങ്ങര വടക്ക് സ്വദേശി അന്‍വര്‍ മുഹമ്മദ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരനും ഭാര്യയും തമ്മിലുള്ള ദാമ്പത്യകലഹത്തില്‍ കരുനാഗപ്പള്ളി മുന്‍ എസിപി വിദ്യാധരന് അന്യായമായി ഇടപെട്ടെന്നാണ് ആരോപണം. കമ്മീഷന് കൊല്ലം ജില്ലാ പോലീസ് മേധാവിയില്‍ നിന്നും അന്വേഷണറിപ്പോര്‍ട്ട് വാങ്ങി.
പരാതിക്കാരന്റെ മകളെ പരാതിക്കാരനില്‍ നിന്നും വിട്ടുകിട്ടാന്‍ ഭാര്യ എസിപിക്ക് പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതി രജിസ്റ്ററില്‍ രേഖപ്പെടുത്താതെ എസിപി നേരിട്ട് അന്വേഷിച്ചു. കുട്ടി പരാതിക്കാരന്റെ സഹോദരിയുടെ മാന്നാറിലുള്ള വീട്ടില്‍ ഹോം ക്വാറന്റൈനിലായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് അമ്മയില്‍ നിന്നും പരാതി എഴുതിവാങ്ങിയ എസിപി കരുനാഗപ്പള്ളി സിഐയെ വിവരം അറിയിക്കാതെ 498 (എ) കേസില്‍ പ്രതിയാക്കുമെന്ന് പരാതിക്കാരനെയും പിതാവിനെയും ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീഷണിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ മെയ് 12ന് കുട്ടിയെ കോടതിയില്‍ ഹാജരാക്കി. കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ എസിപിക്ക് നല്കാന് വക്കീല്‍ ഗുമസ്തനായ മണികണ്ഠന് പരാതിക്കാരന്റെ പിതാവില്‍ നിന്ന് 30,000 രൂപ വാങ്ങി. ഇതില്‍ നിന്നും എസിപിക്ക് നല്കാന് അഡ്വ. മനോജ് മഠത്തില്‍ 25,000 രൂപ വാങ്ങിയതായി റിപ്പോര്‍ട്ടിലുണ്ട്. മുന്‍ എസിപിക്കെതിരെ തുടര്നടപടിസ്വീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: