തൃശൂര്‍: തെരഞ്ഞെടുപ്പ് സമയത്ത് നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയതൊഴിച്ചാല്‍ ജില്ലാ പഞ്ചായത്ത് പുതുക്കാട് ഡിവിഷനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന് ജനങ്ങള്‍. കൊടകര, പുതുക്കാട് (14 വാര്‍ഡുകള്‍), വരന്തരപ്പിള്ളി (7 വാര്‍ഡുകള്‍), നെന്മണിക്കര (6 വാര്‍ഡുകള്‍), മറ്റത്തൂര്‍ (6 വാര്‍ഡുകള്‍) ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് പുതുക്കാട് ഡിവിഷന്. കൃഷി ചെയ്യാനാവശ്യമായ വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡിവിഷനിലെ കര്‍ഷകരെല്ലാം ദുരിതത്തിലാണ്. വിവിധ പ്രദേശങ്ങളില്‍ ഇപ്പോള്‍ താത്കാലിക തടയണകള്‍ മാത്രമേയുള്ളൂ. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിപണിയില്ലാത്തതിനാല്‍ കര്‍ഷകര്‍ വലയുന്നു. ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് ചന്ത വേണമെന്ന കര്‍ഷകരുടെ ആവശ്യം ഇതുവരെയും പരിഗണിച്ചിട്ടില്ല.
രൂക്ഷമായ കുടിവെള്ള പ്രശ്നമാണ് ഡിവിഷനുകളിലുള്ളത്. കുടിവെള്ള പദ്ധതിയ്ക്ക് ഉപകാരപ്പെടാവുന്ന രീതിയില്‍ സ്ഥിരം തടയണ നിര്‍മ്മാണം എവിടെയും എത്തിയിട്ടില്ല. കടുത്ത കുടിവെള്ള ക്ഷാമമുള്ളപ്പോഴും ടാങ്കറുകളില്പോലും വെള്ളമെത്തിക്കുന്നില്ല. സേവാഭാരതി പോലുള്ള സന്നദ്ധ സംഘടനകളാണ് വാഹനങ്ങളില്‍ ഡിവിഷനിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത്. പൊതുശ്മശാനമില്ലാത്തതിനാല്‍ മൃതദേഹ സംസ്കരണത്തിന് രണ്ടും മൂന്നും സെന്റ് സ്ഥലത്ത് വീട് വെച്ച് താമസിക്കുന്ന നിര്‍ധന കുടുംബങ്ങള്‍ ബുദ്ധിമുട്ടുന്നു. വെള്ളികുളങ്ങര ഭാഗങ്ങളിലുള്ള തോട്ടം തൊഴിലാളികള്‍ ഇപ്പോഴും ലയങ്ങളിലാണ് താമസിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഡിവിഷനോട് ജില്ലാപഞ്ചായത്ത് കടുത്ത അവഗണന പുലര്‍ത്തിയെന്ന് ജനങ്ങള്‍ പറയുന്നു. എല്‍ഡിഎഫിലെ കെ.ജെ ഡിക്സനാണ് നിലവില്‍ പുതുക്കാട് ഡിവിഷനെ പ്രതിനിധീകരിക്കുന്നത്.
ജനാഭിപ്രായം
* സമസ്ത മേഖലയിലും വികസന മുരടിപ്പ്. ജനോപകാരപ്രദമായ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല
* കൃഷിക്കാവശ്യമായ ജലസേചന സൗകര്യമില്ല. സ്ഥിരം തടയണ നിര്‍മ്മിക്കാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍
* കര്‍ഷകരെ സഹായിക്കാനുള്ള പദ്ധതികളൊന്നും നടപ്പാക്കിയില്ല. വിവിധ പദ്ധതികള്‍ക്കുള്ള ഫണ്ടുകള്‍ ചെലവഴിച്ചില്ല
* ഡിവിഷനില്‍ കോളേജ് സ്ഥാപിക്കണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം
* പൊതുശ്മാനം സ്ഥാപിക്കുന്ന കാര്യത്തില്‍ നടപടിയുണ്ടായില്ല. മൃതദേഹവുമായി കിലോമീറ്ററുകള്‍ക്ക് അകലെ തൃശൂര്‍, ചാലക്കുടി എന്നിവിടങ്ങളിലേക്കേണ്ട പോകേണ്ട സ്ഥിതി
* ഗ്രാമീണ മേഖലയില്‍ റോഡുകളെല്ലാം ശോചനീയാവസ്ഥയില്‍
* തോട്ടം മേഖലയിലുള്ളവര്‍ക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയില്ല
* കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഭവങ്ങള്‍ വിറ്റഴിക്കാന്‍ മാര്‍ഗമില്ല. വാഴക്കുലകള്‍ ശേഖരിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ വാഴ കര്‍ഷകര്‍ ദുരിതത്തില്‍
* ഡിവിഷനിലെ തോട്ടം മേഖലയിലുള്ളവരുടെ സ്ഥിതി വളരെ പരിതാപകരം
* കോടാലി, മുത്തുമല, പീടികക്കപറമ്പ്, മാട്ടുമല, വരന്തരപിള്ളി എന്നിവിടങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം
* കുറുമാലി പുഴയോടനുബന്ധിച്ച് സ്ഥിരം തടയണ നിര്‍മ്മിച്ച് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് നടപടിയെടുത്തില്ല
* മറ്റത്തൂര്‍ ആരോഗ്യകേന്ദ്രത്തിലൊഴിച്ച് ചെങ്ങാലൂര്‍ അടക്കമുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ കിടത്തി ചികിത്സയില്ല
എല്‍ഡിഎഫ് അവകാശവാദം
* വിവിധ മേഖലകളിലായി മൊത്തം 10 കോടി രൂപയുടെ വികസനം നടപ്പാക്കി
* മുപ്ലിയം, കൊടകര, പുതുക്കാട് ഗവ.സ്കൂളുകളില്‍ ഒരു കോടി 75 ലക്ഷം രൂപ ചെലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കി
* ഡിവിഷനിലെ 21 റോഡുകള്‍ ഒരു കോടി 75 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപണി നടത്തി ഗതാഗതയോഗ്യമാക്കി
* വാസുപുരം-നൂല്‍വള്ളി റോഡ് 55 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചു. ആറ്റപിള്ളി റോഡിന് 40 ലക്ഷം രൂപയും മറ്റത്തൂര്‍-പന്തല്ലൂര്‍ റോഡിന്് 45 ലക്ഷം രൂപയും അനുവദിച്ചു
* വിവിധ സ്ഥലങ്ങളിലായി മൊത്തം 82 ലക്ഷം രൂപ ചെലവഴിച്ച് 6 അങ്കണവാടികള്‍ നിര്‍മ്മിച്ചു. ചെങ്ങാലൂര്‍ അങ്കണവാടിക്ക് എസിയും ടിവിയും നല്കി. അങ്കണവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫെയര്‍ വിതരണം ചെയ്തു
* രണ്ടാംകല്ലില്‍ 35 ലക്ഷം രൂപ വിനിയോഗിച്ച് സാംസ്കാരിക നിലയം നിര്‍മ്മിച്ചു. പുലിപാറകുന്നിലെ സാംസ്കാരിക നിലയം നവീകരിച്ചു
* 15 ലക്ഷം രൂപ ചെലവഴിച്ച് പുതുക്കാടില്‍ വനിതാ റിസോഴ്സ് സെന്റര്‍ സ്ഥാപിച്ചു. പുലിപ്പാറകുന്നില് കമ്യൂണിറ്റി ഹാള്‍ നിര്‍മ്മിച്ചു
* 15 ലക്ഷം രൂപ വിനിയോഗിച്ച് പുലിപാറകുന്നിലും 10 ലക്ഷം രൂപ ചെലവില്‍ കാരൂരിലും കുടിവെള്ള പദ്ധതികള്‍ നടപ്പാക്കി
* മനകുളങ്ങര പാലക്കുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് 12 ലക്ഷം രൂപയും പാഴായി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് 15 ലക്ഷം രൂപയും അനുവദിച്ചു
* കൊടകര നെടുങ്കാട്ട് കുളം സംരക്ഷണത്തിന് 33 ലക്ഷം രൂപയും ചെങ്ങാലൂര്‍ കരോട്ട് കുളത്തിന്റെ നവീകരണത്തിന് 13 ലക്ഷം രൂപയും നല്കി
* 13 ലക്ഷം രൂപ വിനിയോഗിച്ച് ഇഞ്ചകുണ്ട് പട്ടികജാതിയില്‍ കോളനിയില്‍ സമഗ്ര വികസനം നടപ്പാക്കി
* സ്കൂളുകള്‍ക്ക് നാപ്കിന് വെന്റിങ് മെഷീനും ഇന്‍സിനറേറ്ററും നല്കി
* കാനകളുടെ നവീകരണത്തിന് 80 ലക്ഷം രൂപ വിനിയോഗിച്ചു. പാടശേഖരങ്ങള്‍ക്ക് മോട്ടോറുകള്‍ നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: