കാട്ടിക്കുളം: കഴിഞ്ഞ ഒരു മാസത്തോളമായി കര്‍ണാടക പുല്‍പ്പള്ളി അതിര്‍ത്തിയിലെ മച്ചൂര് പ്രദേശത്ത് കാട്ടാന ഭീതിയിലാണ് പ്രദേശവാസികള്‍. കഴിഞ്ഞ ദിവസമാണ് ഉറങ്ങിക്കിടന്ന കര്‍ഷകനെ വീടിന്റെ അകത്ത് നിന്നും ചുമര് കുത്തി പൊളിച്ച് മുറ്റത്തിട്ട് കാട്ടാന ചവിട്ടി കൊന്നത്. ഇതോടെ സാമാന്യം വലിപ്പമില്ലാത്ത സ്വന്തം വീട്ടില്‍ പോലും ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശത്തുള്ളവര്‍.
എച്ച്ഡി കോട്ട, കാക്കനംകോട്ട വനം ഡിവിഷനില്‍ ചുറ്റപ്പെട്ട പ്രദേശമാണ് മച്ചൂര്. ഇതിന് മുന്‍പ് മൂന്ന് പേരെ നരഭോജി കടുവ കൊന്ന് തിന്ന സ്ഥലം കൂടിയാണ് ഈ പ്രദേശം. കഴിഞ്ഞ വര്‍ഷമാണ് കാവല്‍ പന്തല്‍ തട്ടിയിട്ട് കാരാമചിന്നുവെന്ന ആളെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ ഇയാളുടെ ഇടത് കാലിന് പരിക്കേറ്റു. ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും പ്രതിരോധ നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍ മച്ചൂരിന്റെ ഒരു ഭാഗത്ത് കാട്ടാന ട്രെഞ്ചും ഫെന്‍സിംഗും വനംവകുപ്പ് ഒരിക്കിയിട്ടുണ്ട്.
കര്‍ണ്ണാടക അതിര്‍ത്തി പങ്കിടുന്ന ചാണമംഗലം, കക്കേരി, എടക്കോട്, പനവല്ലി, തോല്െപ്പട്ടി, ചേലൂര്‍, കാരമാട് എന്നിവിടങ്ങളില്‍ കടുവയുടെ ശല്യവും വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ അടുത്താണ് പുളിമൂട് കുന്ന് ഒരു പശുവിനെ തൊഴുത്തില്‍ കയറി കടുവ കടിച്ചു കൊന്നത്. എടക്കോട് കോളനിയിലെ കയമന്റെ രണ്ട് പശുവിനെയും കടുവ കടിച്ചു കൊന്നു. കാടിനോട് ചേര്‍ന്ന് താമസിക്കുന്ന വനവാസികളും മറ്റ് കര്‍ഷകരും പേടിയോടെയാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്. ആക്രമണം നടത്തിയ കാട്ട് കൊമ്പനെ തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫ് നിരീക്ഷിച്ച് വരുകയാണെന്ന് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് പി. സുനില്‍ കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: