ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടുകാരനും മാധ്യമ പ്രവര്‍ത്തകനുമായ സിദ്ദിഖ് കാപ്പനുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ അന്യായമായ കാര്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സുപ്രീം കോടതി. കേസ് റിപ്പോര്‍ട്ട് ചെയ്ത രീതിയോട് കോടതി എതിര്‍പ്പ് പ്രകടിപ്പിച്ചു. കാപ്പന് നീതി (നീതി ന്യായത്തില്‍ ഉപയോഗിക്കുന്ന റിലീഫ് അഥവാ ആശ്വാസം എന്ന വാക്കാണ് കോടതി ഉപയോഗിച്ചത്) നിഷേധിച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്; ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ നേരത്തേയുള്ള ഉത്തരവ് സംബന്ധിച്ച അനീതിപരമായ റിപ്പോര്‍ട്ടിങ്ങാണ് ഉണ്ടായത്, അദ്ദേഹം പറഞ്ഞു.
നവംബര്‍ 16ന് കേസില്‍ വാദം കേട്ട സമയത്ത് യുപി സര്‍ക്കാരിന്റെ വിശദീകരണം തേടിയ സുപ്രീംകോടതി, ജാമ്യഹര്‍ജി എന്തുകൊണ്ട് അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയില്ല എന്ന് ആരാഞ്ഞിരുന്നു. ഭരണഘടനയുടെ 32-ാം വകുപ്പ് പ്രകാരമുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതിക്ക് താല്‍പ്പര്യമില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്ന് കോടതി വീണ്ടും വീണ്ടും ചോദിക്കുകയും ചെയ്തിരുന്നു. കാപ്പനെ കാണാന്‍ അഭിഭാഷകരെ പോലും അനുവദിക്കുന്നില്ല, അതിനാല്‍ അനുകൂല വിധി ലഭിക്കില്ലെന്നു കരുതിയാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നായിരുന്നു കാപ്പന്റെ അഭിഭാഷകന്‍ കപില്‍ സിബലിന്റെ മറുപടി.
ഹര്‍ജി പരിഗണിക്കേണ്ടത് കീഴ്‌ക്കോടതികളാണ് എന്നിരിക്കെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദേശം. എന്നാല്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബിന് ജാമ്യം നല്‍കി, കാപ്പന് നിഷേധിച്ചുവെന്നായിരുന്നു ചില മാധ്യമങ്ങള്‍, പ്രത്യേകിച്ച് മലയാളത്തിലെ ചിലവ, റിപ്പോര്‍ട്ട് ചെയ്തത്.
















