Categories: Samskriti

മായയ്‌ക്കും അതീതമായ പരമാത്മാവ്

വിവേകചൂഡാമണി 185

ശ്ലോകം 263

യച്ചകാസ്ത്യനപരം പരാത്പരം

പ്രത്യഗേകരസമാത്മലക്ഷണം

സത്യചിത്‌സുഖമനന്തമവ്യയം

ബ്രഹ്മ തത്ത്വമസി ഭാവയാത്മനി

യാതൊന്നല്ലാതെ മറ്റൊന്നും ഇല്ലയോ പരാത്പരമായും പ്രത്യഗാത്മാവായും ഏകരസമായും ആത്മസ്വരൂപമായും സച്ചിദാനന്ദമായും അനന്തമായും അവ്യയമായും നിലകൊള്ളുന്നത് യാതൊന്നാണോ ആ ബ്രഹ്മം നീ തന്നെ എന്ന് ഉള്ളില്‍ ഭാവിക്കുക.

അനന്യമായി വിളങ്ങുന്നതും അജ്ഞാനത്തിന് അപ്പുറമുള്ളതും പ്രത്യഗാത്മാവായിരിക്കുന്നതും എല്ലാറ്റിലും അന്തര്യാമിയും സാക്ഷിയുമായിരിക്കുന്നതും സച്ചിത് സുഖവും പരിമിതികളില്ലാത്തതും നിത്യവുമാണ് ബ്രഹ്മം അനപരം ഛാന്ദോഗ്യോപനിഷത്തില്‍ ബ്രഹ്മത്തെ കുറിക്കുന്ന വാക്കാണിത്. ഇതല്ലാതെ മറ്റൊന്നുമില്ല. ഇതിനപ്പുറം യാതൊന്നുമില്ല. ഏറ്റവും ഉത്കര്‍ഷത്തോടെയിരിക്കുന്നത്.

പരാത്പരം പരത്തേക്കാള്‍ ശ്രേഷ്ഠമായത്. എല്ലാ കാര്യങ്ങള്‍ക്കും കാരണമായത് പരം പരം എന്നാല്‍ മായ. ജീവനും ജഗത്തുമുള്‍പ്പടെ എല്ലാം മായാ കാര്യങ്ങളാണ്. അതിനാല്‍ മായയ്‌ക്കും അതീതമായത് എന്നര്‍ത്ഥത്തിലാണ് പരമാത്മാവിനെ പരാത്പരം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

പരാത്പരം എന്നാല്‍ എല്ലാ കാര്യങ്ങളുടേയും കാരണമായ അജ്ഞാനത്തിന് അപ്പുറമുള്ളതെന്നോ ഹിരണ്യഗര്‍ഭന് അപ്പുറമെന്നോ അര്‍ത്ഥമെടുക്കാം.

പ്രത്യക് ഓരോ വ്യക്തിയുടേയും ഉള്ളില്‍ മനസ്സിന് പുറകില്‍ അന്തരാത്മാവായി വിളങ്ങുന്ന ചൈതന്യമായതിനാലാണ് പ്രത്യക് എന്ന് ബ്രഹ്മത്തെ പറഞ്ഞത്. ഏകരസം  ഏറ്റക്കുറച്ചിലുകളില്ലാതെ ഒരേ വിധത്തില്‍ നിലകൊള്ളുന്നതാണ് ബ്രഹ്മം. ഏകമായ ആ രസം മാത്രമാണ് എല്ലാറ്റിന്റെയും സാരമായിരിക്കുന്നത്. സച്ചിത് സുഖം  സത്തും ചിത്തും ആനന്ദവുമായത്. എന്നും ഒരു മാറ്റവുമില്ലാതെ നിലനില്‍ക്കുന്നതാണ് സത്ത്.

ചിത്ത് എന്നാല്‍ ചൈതന്യം തന്നെ. ശുദ്ധ ജ്ഞാനമാണത്. സുഖം എന്നാല്‍ ആനന്ദം. ബ്രഹ്മാനന്ദം എന്നും നിലനില്‍ക്കുന്നതാണ്.അത് അനന്തവും അവ്യയവുമാണ്. അതിന് ഒരിക്കലും ക്ഷയമില്ല.

ഈ പറഞ്ഞവയെയൊക്കെ ധ്യാനിക്കുമ്പോള്‍ പരമാത്മാവിലേക്ക് ശ്രദ്ധ ഉറപ്പിക്കാനും ആദ്ധ്യാത്മിക യാത്രയില്‍ വഴികാട്ടാനും ഉള്ളവയാണ്. ഇവയെ ബ്രഹ്മത്തിലേക്കുള്ള ചൂണ്ടുപലകകളായി കാണണം. അവയെ ബ്രഹ്മത്തിന്റെ നിര്‍വചനമായി കാണണമെന്നില്ല. എന്തായാലും ഈ പറഞ്ഞ ലക്ഷണങ്ങളോട് കൂടിയ ബ്രഹ്മമാണ് നീ എന്ന് നന്നായി ഉള്ളില്‍ ഉറപ്പിക്കണം.

ധ്യാനത്തിന് വളരെ സഹായിക്കുന്നതാണ് ഇതുള്‍പ്പടെയുള്ള കഴിഞ്ഞ 10 ശ്ലോകങ്ങള്‍ ഇവയെ വേണ്ട വിധത്തില്‍ വിചിന്തനം ചെയ്ത് ഉറപ്പിക്കുന്ന സാധകര്‍ക്ക് ധ്യാനവിഷയത്തില്‍ മുന്നേറാനും ക്രമേണ ബ്രഹ്മതത്ത്വത്തെ അറിയാനും സാക്ഷാത്കരിക്കാനും കഴിയും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക