യൂറോപ്യന്‍ രാജ്യങ്ങളില്‍ ഋതുക്കള്‍ നാലാണ്. എന്നാല്‍ ഭാരതീയര്‍ക്ക് ആറ് ഋതുക്കളാണ് ഉള്ളത്. ശകവര്‍ഷത്തിലെ ഓരോ രണ്ടു മാസത്തെയും ഒരു ഋതുവായി കണക്കാക്കുന്നു. അതനുസരിച്ച് ഇപ്പോഴുള്ളത് ശരത് ഋതു.
വായുവില്‍ പൊടിപടലങ്ങള്‍ നിറയുന്ന കാലം. വര്‍ഷകാലത്ത് വെള്ളപ്പാച്ചിലില്‍ ഭൂതലത്തില്‍ ചെളിയും മാലിന്യങ്ങളും വന്നടിയും. ശരത്കാലത്ത് സൂര്യപ്രഭകൂടുമ്പോള്‍ ഈ ചെളിയും മറ്റു മാലിന്യങ്ങളും ഉണങ്ങി പൊടിയായി തെക്കന്‍കാറ്റില്‍ അലിയുന്നു. ഇത് ശ്വസിച്ചാല്‍ കഫക്കെട്ട്, ശ്വാസം മുട്ടല്‍, അഗ്നിമാന്ദ്യം (വിശപ്പില്ലായ്മ), കാസം (ചുമ), കാഴ്ചക്കുറവ് ഇവയ്ക്ക് കാരണമാകുന്നു.
ശരീരം കഴിയുന്നതും ചൂടുള്ള വസ്ത്രങ്ങള്‍ കൊണ്ട് പൊതിയണം. തറയില്‍ നിന്ന് ചുരുങ്ങിയത് ഒരടി ഉയരത്തിലുള്ള കട്ടിലില്‍ ശയിക്കണം. വെളുപ്പാന്‍ കാലത്ത് മഞ്ഞു കൂടുതലുള്ളതിനാല്‍ തലയും കഴുത്തും കമ്പിളി വസ്ത്രം കൊണ്ട് പൊതിയണം. അതിരാവിലെയുള്ള കുളി കഴിവതും ഒഴിവാക്കണം. താഴെ പറയുന്ന ചേരുവകളോടെ മോരു കാച്ചി കുടിക്കുന്നത് നല്ലതാണ്.
ജീരകം, ഉണക്കമഞ്ഞള്‍, വെളുത്തുള്ളി, കൃഷ്ണതുളസി, ചുക്ക്, കുരുമുളക്, തിപ്പലി, മുത്തങ്ങ, ഇവയെല്ലാം 10 ഗ്രാം വീതമെടുത്ത് പൊടിച്ചതും ചെറുനാരകത്തിന്റെ ഇല, തൈലപ്പുല്ലിന്റെ ഓല, തണ്ട് ഇവ ഓരോന്നും രണ്ട് ഗ്രാം വീതം ചതച്ചെടുത്തതും ഒരു ലിറ്റര്‍ മോരില്‍ ഇട്ട് തിളപ്പിക്കുക. ഇത് തണുപ്പിച്ച ശേഷം യഥേഷ്ടം കുടിക്കാം. അതോടെ അഗ്നിമാന്ദ്യവും വയറ്റില്‍ കൃമികീടങ്ങള്‍ നിറയുന്നതും നെഞ്ചിലെ കഫക്കെട്ടും കുറയും.
താഴെ പറയുന്ന മരുന്നുകളിട്ട് തിളപ്പിച്ച വെള്ളം പാകം ചൂടിലെടുത്ത് കുളിക്കാന്‍ ഉപയോഗിക്കാം. ഇതില്‍ പച്ചവെള്ളമൊഴിച്ച് തണുപ്പിക്കരുത്. കുരുമുളക് കൊടിയുടെ ഇലയും തണ്ടും, കരുനെച്ചിയില, ആര്യവേപ്പ്, വയമ്പ്, ഇവ പത്തു ലിറ്റര്‍ വെള്ളത്തിന് 30 ഗ്രാം വീതമെടുത്ത് വെള്ളം തിളപ്പിക്കണം. ഇതില്‍ കുളിച്ചാല്‍ ജ്വരങ്ങളും കഫക്കെട്ടും ശരീരത്തില്‍ പൊടിപടലങ്ങള്‍ പറ്റിപ്പിടിച്ച് അതിലുണ്ടാകുന്ന അണുക്കളും നശിക്കും. പ്രത്യേക ചേരുവകളോടെ രസമുണ്ടാക്കി കഴിക്കുന്നതും നല്ലതാണ്.
ഒരു ലിറ്റര്‍ രസത്തിന് വേണ്ട ചേരുവകള്‍: അഞ്ച് ഗ്രാം വെളുത്തുള്ളി അരിഞ്ഞത്, കായം രണ്ട് ഗ്രാം, കുരുമുളക് രണ്ട് ഗ്രാം, തിപ്പലി രണ്ട് ഗ്രാം, കടുക് പൊടിച്ചത് അരഗ്രാം, ചുവന്നുള്ളി രണ്ട് ഗ്രാം കറിവേപ്പിലയും പച്ചക്കാന്താരിയും കൂടെ രണ്ട് ഗ്രാം ഇവയെല്ലാം നറുനെയ്യില്‍ മൂപ്പിച്ചെടുക്കണം. കായം നന്നായി മൊരിയണം. ഈ ചേരുവകള്‍ക്കൊപ്പം ഇന്തുപ്പും ചേര്‍ത്തുവേണം രസമുണ്ടാക്കി കഴിക്കാന്‍. ഇത് ദാഹം മാറ്റാനും ഉദരകൃമികളെ അകറ്റാനും നല്ലതാണ്. ദാഹശമനത്തിന് ഇടയ്ക്കിടെ കരിക്കും ചെറുനാരങ്ങാ വെള്ളവും കഴിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: