തൃശൂര്‍: ജില്ലാപഞ്ചായത്തിലെ രണ്ടാമത്തെ ഡിവിഷനായ കാട്ടകാമ്പാലില്‍ വികസനം നാമമാത്രമായേ നടന്നിട്ടുള്ളൂവെന്ന് ബിജെപിയും എല്‍ഡിഎഫും പറയുന്നു. ഡിവിഷനില്‍ ജനോപകരപ്രദമായ പദ്ധതികള്‍ യാതൊന്നും നിലവിലെ യുഡിഎഫ് പ്രതിനിധി നടപ്പാക്കിയിട്ടില്ല. കാട്ടകാമ്പാല്‍, പോര്‍ക്കുളം, കടവല്ലൂര്‍, കടങ്ങോട് (1, 3 വാര്‍ഡുകള്‍) എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ട ഡിവിഷനിലെ കോള്‍ മേഖലയെ ജില്ലാ പഞ്ചായത്ത് തീര്‍ത്തും അവഗണിച്ചു.
കോള്‍പാട മേഖലയായ ഡിവിഷനില്‍ കോള്‍മേഖല കേന്ദ്രീകരിച്ച് ടൂറിസം വികസനത്തിന് ഏറെ സാധ്യതകളുണ്ട്. എന്നാല്‍ ഇതിനുള്ള പദ്ധതികള്‍ക്കൊന്നും നിലവിലെ പ്രതിനിധി മുന്‍കൈയ്യെടുത്തില്ല. ഡിവിഷനിലെ നിരവധി പ്രദേശങ്ങളാണ് രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തെ നേരിടുന്നത്.
ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം ലഭിക്കാത്തതിനാല്‍ ജലമിഷന്‍ പദ്ധതി വഴി വീടുകളില്‍ വെള്ളമെത്തിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു. ഡിവിഷനില്‍ നിരവധി ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാകാനുണ്ട്. ഡയാലിസിസ് രോഗികള്‍ക്കുള്ള കേന്ദ്ര ഫണ്ട് ഡിവിഷനിലെ എല്ലാ രോഗികള്‍ക്കും ലഭിക്കുന്നില്ല. കുന്നംകുളം സ്റ്റേഷന്‍ പരിധി കൂടിയതിനാല്‍ പെരുമ്പിലാവ് കേന്ദ്രീകരിച്ച് പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കാട്ടകാമ്പാല്‍ ഡിവിഷനില്‍ രാഷ്‌ട്രീയ നിറവ്യത്യാസമില്ലാതെ സമഗ്ര വികസനം നടപ്പാക്കിയെന്ന് നിലവിലെ പ്രതിനിധി കെ.ജയശങ്കര്‍ അവകാശപ്പെടുന്നു.
ജനാഭിപ്രായം
* കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ പദ്ധതികളൊന്നും നടപ്പാക്കാതെ ഫണ്ടുകള്‍ ദുരുപയോഗം ചെയ്തു.
* ചരിത്ര പ്രസിദ്ധമായ പെരുമ്പിലാവ് കാലിചന്തയെ നിലനിര്‍ത്താനുള്ള നടപടിയെടുത്തിട്ടില്ല.
* കാട്ടകാമ്പാല്‍ ചിറക്കലില്‍ ബസ് സ്റ്റാന്റ് കം-കംഫര്‍ട്ട് സ്റ്റേഷന്‍ വേണമെന്ന ആവശ്യം അവഗണനയില്‍.
* കോള്‍പാടം കേന്ദ്രീകരിച്ച് ടൂറിസം വികസനം നടപ്പാക്കിയില്ല. ടൂറിസം പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് ലഭിക്കേണ്ട തൊഴിലവസരം ഇല്ലാതായി.
* ഡയാലിസിസ് രോഗികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കാര്യമായ ഇടപടലുണ്ടായില്ല.
* പെരുമ്പിലാവില്‍ ബസ് സ്റ്റാന്റ് നിര്‍മ്മിക്കണമെന്ന ആവശ്യം അവഗണിച്ചു.
* പോര്‍ക്കുളം കലശമല ടൂറിസ്റ്റ് കേന്ദ്രം വിപുലീകരിക്കാന്‍ പദ്ധതിയുണ്ടായില്ല.
* പെരുമ്പിലാവ് ചന്ത വികസനം എങ്ങുമെത്തിയില്ല.
* അങ്കണവാടികള്‍ ഹൈടെക്ക് ആക്കുമെന്ന പ്രഖ്യാപനം വാഗ്ദാനത്തിലൊതുങ്ങി.
* ശോചനീയാവസ്ഥയിലുള്ള പഴഞ്ഞി അടയ്‌ക്കാ മാര്‍ക്കറ്റിനെ ആധുനികവല്‍ക്കരിക്കാനുള്ള പദ്ധതികളുണ്ടായില്ല. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് മാര്‍ക്കറ്റ് വികസനം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ജില്ലാ പഞ്ചായത്ത് നടത്തിയില്ല.
യുഡിഎഫ് അവകാശവാദം
* സമസ്ത മേഖലയിലടക്കം അഞ്ചു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അഞ്ചു വര്‍ഷത്തിനിടെ നടപ്പാക്കി.
* കാര്‍ഷിക മേഖലയില്‍ പാടശേഖര സമിതികള്‍ക്ക് മോട്ടോറുകള്‍ വിതരണം ചെയ്തു. പദ്ധതിക്കായി 50 ലക്ഷം വിനിയോഗിച്ചു.
* കടവല്ലൂര്‍, പഴഞ്ഞി ഗവ.സ്‌കൂളുകളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കി.
* ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് 10 ലക്ഷം രൂപ വീതം വിനിയോഗിച്ച് സാംസ്‌കാരിക നിലയങ്ങള്‍ നവീകരിച്ചു.
* ഡിവിഷനിലെ വിവിധ പ്രദേശങ്ങളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിരവധി കുടിവെള്ള പദ്ധതികള്‍ നടപ്പാക്കി.
* വിദ്യാഭ്യസരംഗത്തും കായിക-കലാമേഖലയിലും മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
* പട്ടികജാതി വിഭാഗ കോളനികളുടെ വികസനത്തിനായി പ്രത്യേക പദ്ധതികള്‍. വട്ടമാവ്, കോട്ടോളിക്കുന്ന്, കല്യാണിക്കുന്ന്, തിപ്പിലശേരി തുടങ്ങിയ കോളനികളിലായി ഒരു കോടി രൂപയോളം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി.
* ഡിവിഷനിലെ എല്ലാ അങ്കണവാടികളിലും അടിസ്ഥാന സൗകര്യമൊരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: