തൃശൂര്‍: ജില്ലാപഞ്ചായത്ത് പീച്ചി ഡിവിഷനില്‍ വികസനം പടിവാതില്ക്കല് പോലുമെത്തിയില്ലെന്ന് ജനങ്ങള്‍. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡുകളും നടത്തറ ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളും ഉള്‍പ്പെട്ടതാണ് പീച്ചി ഡിവിഷന്. കാര്‍ഷിക -മലയോര മേഖലയായ ഡിവിഷനിലേക്ക് കൃഷിയ്ക്ക് ഉപകാരപ്രദമായ യാതൊരുവിധ പദ്ധതികളും ജില്ലാപഞ്ചായത്ത് നടപ്പാക്കിയിട്ടില്ല. കാര്‍ഷിക സര്‍വകലാശാലയുടെ വാഴ ഗവേഷണ കേന്ദ്രം പീച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ വാഴ കര്‍ഷകര്‍ക്ക് ഉപയോഗപ്രദമായ പദ്ധതികളൊന്നും തന്നെ ആവിഷ്ക്കരിച്ച് നടപ്പാക്കിയില്ല.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ താമസിക്കുന്നതാണ് പീച്ചി ഡിവിഷനിലാണ്. ആദിവാസി കോളനികളുടെ സമഗ്ര വികസനം വാഗ്ദാനത്തിലൊതുങ്ങി. വീട്, കുടിവെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളൊന്നും തന്നെ ആദിവാസി കോളനികളില്ല. ഡിവിഷനിലെ നിരവധി ഗ്രാമീണ റോഡുകളുടെ സ്ഥിതി ഇപ്പോഴും ശോചനീയമാണ്. ഗതാഗതയോഗ്യമല്ലാതെ നിരവധി റോഡുകള്‍ തകര്‍ന്നു കിടക്കുന്നുണ്ട്. കുതിരാന്‍ ഉള്‍പ്പെടെയുള്ള നിരവധി റോഡുകളുടെ വികസനം മുടങ്ങി കിടക്കുമ്പോഴും റോഡുകളുടെ വികസനത്തിനായി ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് വേണ്ടത്ര ഇടപെടലുകളുണ്ടായില്ല. സമസ്ത മേഖലയെയും ജില്ലാ പഞ്ചായത്ത് അവഗണിച്ചതായി ജനങ്ങള്‍ പറയുന്നു. എല്‍ഡിഎഫിലെ ലില്ലി ഫ്രാന്‍സിസാണ് പീച്ചി ഡിവിഷനെ നിലവില്‍ പ്രതിനിധീകരിക്കുന്നത്.
ജനാഭിപ്രായം
* ആദിവാസി മേഖലയെ അവഗണിച്ചു. ഒളകര, മണിയന്‍കിണര്‍, പാത്രകണ്ടം ആദിവാസി കോളനികളില്‍ അടിസ്ഥാന സൗകര്യമില്ല
* വിദ്യാഭ്യാസ മേഖലയില്‍ അക്കാദമിക് നിലവാരം ഉയര്‍ത്തുന്ന നടപടിയെടുത്തില്ല. സ്കൂളുകള്‍ക്ക് അനുവദിച്ച ഫണ്ടുകള്‍ കൃത്യമായി വിനിയോഗിച്ചില്ല
* കാര്‍ഷിക മേഖലയില്‍ നൂതന പദ്ധതികള്‍ നടപ്പാക്കിയില്ല
* കേന്ദ്രഫണ്ട് വിനിയോഗിക്കുന്നതില്‍ വീഴ്ച വരുത്തി
* ആരോഗ്യമേഖലയില്‍ കാര്യമായ ഇടപടലുകളുണ്ടായില്ല. പീച്ചി, പട്ടിക്കാട്, നടത്തറ പ്രാഥികാരോഗ്യ കേന്ദ്രങ്ങളില്‍ കിടത്തി ചികിത്സാ സൗകര്യമില്ല
* ആദിവാസി മേഖലകളിലടക്കമുള്ള റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളില്ലാത്തതിനാല്‍ നാട്ടുകാര്‍ ദുരിതത്തില്‍. വലക്കാവ് റൂട്ടിലെ നിര്‍ത്തിവെച്ച കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കാന്‍ നടപടിയുണ്ടായില്ല
* ആദിവാസികള്‍ക്കുള്ള വിവിധ ഫണ്ടുകള്‍ വിനിയോഗിക്കാതെ ലാപ്സാക്കി
* പീച്ചി ഡാമില്‍ പെയിന്റടിക്കുന്നതൊഴിച്ച് വികസന പദ്ധതികളില്ല. ഡാമിന്റെ ആഴം വര്‍ദ്ധിപ്പിച്ച് സംഭരണശേഷി വര്‍ദ്ധിപ്പിക്കാന്‍ നടപടികളുണ്ടായില്ല
* ഭൂരിഭാഗം അങ്കണവാടികളും ശോചനീയാവസ്ഥയില്‍
* മലയോര കര്‍ഷകര്‍ക്ക് പതിറ്റാണ്ടുകളായിട്ടും പട്ടയം നല്‍കിയില്ല. 1977ന് മുമ്പ് ഭൂമി കൈവശം വെച്ചിട്ടുള്ള കര്‍ഷകര്‍ പട്ടയം ലഭിക്കാതെ ബുദ്ധിമുട്ടുന്നു
* ഇക്കോ ടൂറിസത്തിന് വലിയ സാധ്യതയുള്ളപ്പോഴും പീച്ചി വനമേഖലയുമായി ബന്ധപ്പെട്ട് ഒരു പദ്ധതിയും നടപ്പാക്കിയില്ല
എല്‍ഡിഎഫ് അവകാശവാദം
* സ്കൂളുകള്‍, കോളനികള്‍, പുഴകള്‍, തോടുകള്‍, റോഡുകള്‍ എന്നിവയ്ക്കായി പ്രത്യേക പദ്ധതികള്‍
* പട്ടികജാതി കോളനികളില്‍ വികസനമെത്തിച്ചു. ചിറക്കുന്ന്, വടക്കുംപാടം കോളനികളില്‍ അടിസ്ഥാന സൗകര്യമൊരുക്കി
* മണലിപുഴ കയ്യേറ്റത്തിനെതിരെ നടപടിയെടുത്ത് വികസനം നടപ്പാക്കി
* പയ്യനം കോളനിയില്‍ 45 ലക്ഷം രൂപ വിനിയോഗിച്ച് വീണ്ടശേരി-പയ്യനം റോഡ് നിര്‍മ്മിച്ചു
* സ്കൂളുകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍. പട്ടിക്കാട്, പീച്ചി സ്കൂളുകളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് അടിസ്ഥാന സൗകര്യമൊരുക്കി
* മണലിപ്പുഴയുടെ സംരക്ഷണവും നവീകരണവും നടപ്പാക്കി
* പട്ടിക്കാട് ബൈപാസ് റോഡ് നിര്‍മ്മിച്ചു
* 10 ലക്ഷം രൂപ ചെലവില്‍ കണ്ണാറ കോളനിയില്‍ തോട് നവീകരിച്ചു
* ആശാരിക്കാട് കുടിവെള്ള പദ്ധതി നടപ്പാക്കി
* പയ്യനം കുടിവെള്ള പദ്ധതി നടപ്പാക്കി. വൈദ്യുതിയ്ക്കായി 15 ലക്ഷം രൂപ ചെലവില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു
* ചേരുംകുഴി-ആശാരിക്കാട് റോഡ് നവീകരിച്ച് ഗതാഗതയോഗ്യമാക്കി
* മണലിപുഴയോടനുബന്ധിച്ച് കൂട്ടാല-മാരായ്ക്കല്‍ തടയണ നിര്‍മ്മിച്ചു
* മുടിക്കോട്, സീതക്കടവ് ഫാമുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: