കൊല്ലം: എട്ടുവര്‍ഷമായി അരിപ്പയില്‍ ആദിവാസികളും ദളിതരും മറ്റിതര ഭൂരഹിത വിഭാഗങ്ങളും കൃഷിഭൂമി അവശ്യപ്പെട്ട് നടത്തുന്ന ഭൂസമരം പരിഹരിക്കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി. സമരസമിതിയുടെ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റേഷന്‍കാര്‍ഡില്ലെന്ന കാരണത്താല്‍ റേഷന്‍ നിഷേധിച്ചതും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കാത്തതും കടുത്ത അവഗണനയാണെന്ന് എംപി പറഞ്ഞു. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഇളവുകള്‍ നല്കി ഭൂമി കൈമാറാന്‍ തയ്യാറാകുന്ന സര്‍ക്കാര്‍നയം ഇടതുപക്ഷത്തിന് ഭൂഷണമല്ല.
അരിപ്പയില്‍ സമരപ്രവര്‍ത്തകര്‍ നിര്‍മിച്ചെടുത്ത എട്ട് ഏക്കറിലെ നെല്‍കൃഷി വിധ്വംസകപ്രവര്‍ത്തനം എന്നപേരില്‍ നിരോധിച്ച നടപടി സുഭിക്ഷകേരളം നടപ്പിലാക്കുന്ന കാലഘട്ടത്തില്‍ പുനഃപരിശോധിക്കണമെന്നും എംപി ആവശ്യപ്പെട്ടു. അരിപ്പ ഭൂസമര നേതാവ് ശ്രീരാമന് കൊയ്യോന്‍ അദ്ധ്യക്ഷനായി. ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന് വി. രമേശന്, ഷിജോ വലിയപതാല്‍, സുലേഖ ബീവി, മണിലാല്‍, ബി. വരദരാജന്, ആര്. മനോഹരന്, കെ. ശാന്ത, എസ്. സുധാകരന്, അമ്മിണി, പി.കെ. ഉദയന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: