കൊല്ലം: രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ കാറ്റ് കൊല്ലത്തും ആഞ്ഞു വീശുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്. അഴിമതിയിലും ജനദ്രോഹത്തിലും മുങ്ങിനില്ക്കുന്ന ഇരുമുന്നണികളും ആ കാറ്റില്‍ കടപുഴകും. ജനസേവനത്തിലും സുസ്ഥിരവികസനത്തിലും മികച്ച മാതൃകകാട്ടി കരുത്തുതെളിയിച്ച് ബിജെപി ഇവിടെ വിജയിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ കൊല്ലം കോര്പ്പറേഷന് കേന്ദ്ര തെരഞ്ഞെടുപ്പ് കാര്യാലയം ബിജെപിയുടെ ജില്ലാഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനം ബിജെപിയില്‍ ഏറെ പ്രതീക്ഷ വയ്ക്കുന്നു. അഴിമതിയില്‍ മുങ്ങിയ ഇരുമുന്നണികളും അധികാരം ജനസേവനത്തിനല്ല പണം സമ്പാദിക്കാനാണ് ഉപയോഗിക്കുന്നത്. ഇരുവരും ജനങ്ങളെ മോഹനവാഗ്ദാനം നല്കി തുടര്‍ച്ചയായി വഞ്ചിക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും അഴിമതിക്കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്ന ഇടതുവലതു നേതാക്കള്‍ വരിവരിയായി ജയിലിലേക്ക് പോകുകയാണ്. മാറിമാറി ഭരിച്ച മുന്നണികള്‍ കേരളത്തെ കടക്കെണിയിലാക്കി. പിണറായിസര്‍ക്കാര്‍ കാലാവധി കഴിഞ്ഞു പോകുമ്പോള്‍ പൊതുകടം നാലുലക്ഷം കോടിയാകും. അഴിമതിയുടെ ഏറ്റവും നല്ല ഉദാഹരണമാണ് പാലാരിവട്ടം പാലം. അതിന്റെ പേരില്‍ മുന്‍മന്ത്രി അറസ്റ്റിലായി. മറുഭാഗത്ത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കള്ളക്കടത്തിന്റെ പേരില്‍ ഇഡിയുടെ പിടിയിലും. ദേശദ്രോഹപ്രവര്‍ത്തനങ്ങളുടെ പേരില്‍ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രഏജന്‍സികളുടെ അന്വേഷണപരിധിയിലാണ്. ഇപ്പോള്‍ ജനങ്ങളുടെ പ്രതീക്ഷ കേന്ദ്രസര്‍ക്കാരിലാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി. അദ്ദേഹം പറഞ്ഞു.
ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി. മുരളീധരന്, ബിജെപി സംസ്ഥാനസെക്രട്ടറി രാജി പ്രസാദ്, നേതാക്കളായ ജി. ഗോപിനാഥ്, വെള്ളിമണ്‍ ദീലീപ്, മന്ദിരം ശ്രീനാഥ്, മനു വിപിനന് പങ്കെടുത്തു. ആനന്ദവല്ലീശ്വരം റ്റി ഡി നഗറിലുള്ള ദീനദയാല്‍ ഭവനോട് ചേര്‍ന്നാണ് എന്‍ഡിഎ തെരഞ്ഞെടുപ്പ് കാര്യാലയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: