ചാരുംമൂട്: കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ നൂറനാട് പാലമേല്‍ പഞ്ചായത്തിലെ മറ്റപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും എന്തു ചെയ്യണമെന്നറിയാതെ കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണ്. കഴിഞ്ഞ ഒറ്റ രാത്രി കൊണ്ട് മറ്റപ്പള്ളി കൊച്ചുമുകളില്‍ തടത്തില്‍ തെക്കേതില്‍ ഭാസ്ക്കരനെന്ന കൃഷിക്കാരന് നഷ്ടപ്പെട്ടത് ലക്ഷങ്ങളും അദ്ധ്വാനഭാരവും.
150 മൂട് ചേമ്പും റബ്ബര്‍ നടാനെടുത്ത വാരവും കാട്ടുപന്നികള്‍ കുത്തിമറിച്ചിട്ടു. വിളവെടുപ്പിനു പാകമായ ചേമ്പാണ് നഷ്ടപ്പെട്ടത്. വിളവെടുക്കാന്‍ ദിവസങ്ങള്‍ മാത്രം മതിയാകുമായിരുന്ന കരകൃഷികള്‍ മുഴുവനും സമീപ പ്രദേശങ്ങളിലായി നശിപ്പിച്ച അവസ്ഥയിലാണ്. ഏതാണ്ട് പതിനഞ്ച് ഏക്കറോളം സ്ഥലത്തായി കൃഷി ചെയ്തിരുന്ന വാഴ, ചേമ്പ്, മരച്ചീനി, ചീര, ഏത്തവാഴകളും നശിപ്പിച്ചു.
കഴിഞ്ഞ മൂന്നു മാസങ്ങളായി കര്‍ഷകര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. കാട്ടുപന്നി കൂട്ടത്തില്‍ നിന്നും കൃഷിയെ സംരക്ഷിക്കുവാന്‍ പതിനെട്ട് അടവും പ്രയോഗിച്ചു. എന്നാല്‍ പന്നികള്‍ കര്‍ഷകര്‍ തീര്‍ത്ത എല്ലാ വേലിക്കെട്ടുകളും മറികടന്ന് കൃഷിയിടം ഉഴുതു മറിച്ചു. പന്നി കൂട്ടത്തെ അമര്‍ച്ച ചെയ്യാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നാട്ടുകാര്‍ക്ക് നല്ല പ്രതീക്ഷയായിരുന്നു.
എന്നാല്‍ സ്ഥലത്ത് ഒരാഴ്ച ക്യാമ്പ് ചെയ്ത ഉദ്യോഗസ്ഥര്‍ നാടുകണ്ടും നാടന്‍ ഭക്ഷണങ്ങള്‍ ആസ്വദിച്ചും മടങ്ങിയെന്നാണ് ആക്ഷേപം. ഈ കാലയളവില്‍ ഏതാണ്ട് തൊണ്ണൂറോളം ഏക്കറിലെ കരകൃഷിയാണ് പന്നികള്‍ നശിപ്പിച്ചത്. എണ്‍പത്തിയഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം കര്‍ഷകര്‍ക്ക് ഉണ്ടായതായി പറയുന്നു. പന്നി നശിപ്പിച്ച വിളകളുടെ വില വനം വകുപ്പു നല്കുമെന്നു ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രസ്താവന നടത്തി പോയിട്ട് മാസം രണ്ടായി.
ഒരാള്‍ക്കുപോലും ഒരു ചില്ലികാശും ഇതുവരെ ലഭിച്ചിട്ടില്ലന്നാണ് കര്‍ഷകര്‍ പറയുന്നത്. കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാതെ ഇനി ഒരു കൃഷിക്കും തങ്ങളില്ലന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: