മൂന്നാര്‍: അഞ്ചുമാസത്തിലധികം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ ഗ്യാപ്പ് റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തയാഴ്ച പുനരാരംഭിക്കും. ഗ്യാപ്പ് റോഡ് നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചിലുണ്ടായി കൃഷി നശിച്ച കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്കാന് കരാറുകാരന് തയാറായതോടെയാണ് റോഡ് നിര്‍മാണം പുനരാരംഭിക്കാന്‍ വഴി തെളിഞ്ഞത്.
നഷ്ടപരിഹാരത്തിന്റെ ഭാഗമായി കരാറുകാരന് കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് എട്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും ഭൂമി കൃഷിയോഗ്യമാക്കി നല്‍കുകയും ചെയ്യും. നഷ്ടപരിഹാരത്തിന്റെ ബാക്കി തുക നാലുമാസത്തിനുള്ളില്‍ നല്‍കണം. കൃഷി നശിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ധാരണയായതോടെ ഗ്യാപ്പ് റോഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് പറഞ്ഞു. റോഡില്‍ വീണ കല്ല് പൊട്ടിച്ചു നീക്കുന്നതും റോഡരികില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതും ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ ഉടന്‍ തുടങ്ങുമെന്ന് ദേശീയപാതാ വിഭാഗം അറിയിച്ചു.
കഴിഞ്ഞ ജൂണ്‍ 17നുണ്ടായ മലയിടിച്ചിലില്‍ 200 മീറ്ററോളം റോഡ് ഒലിച്ചുപോവുകയും 10 ഏക്കറോളം കൃഷി ഭൂമി നശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് ആറിന് രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍തോതില്‍ വീണ്ടും കൃഷി നശിച്ചു. നഷ്ടപരിഹാരം ലഭിക്കാതെ റോഡ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ നിലപാടെടുത്തതോടെയാണ് പണി മുടങ്ങിയത്. 10 ലക്ഷം രൂപ കര്‍ഷകര്‍ ഏക്കറിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും കരാറുകാനന് ഇതിന് തയ്യാറായില്ല.
ചര്‍ച്ചക്കൊടുവില്‍ 5 ലക്ഷം വരെ എത്തിയെങ്കിലും കര്‍ഷകര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ജനപ്രതിനിധികളും ജില്ലാ കളക്ടരും നിരവധി തവണ വിഷയത്തില്‍ ഇടപ്പെട്ടിരുന്നു.
കഴിഞ്ഞയാഴ്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ഇടുക്കി ജില്ലാ കളക്ടര്‍ക്കയച്ച കത്തില്‍ കരാറുകാരനില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കി കര്‍ഷകര്‍ക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ ചര്‍ച്ചയിലാണ് കരാറുകാരനും കൃഷിക്കാരും ഒത്തുതീര്‍പ്പിന് വഴങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: